മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററുകളിൽ ആരവം തീർത്തു മുന്നേറുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് കഴിയുമ്പോൾ അറിയുന്നത് വാലിബൻ ഒരു വരവ് കൂടി വരും എന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള സൂചനകൾ നൽകിയാണ് ആദ്യ പകുതി അവസാനിച്ചത്.
നേരത്തെ തന്നെ മലൈക്കോട്ടൈ വാലിബൻ ഒരു സിനിമയിൽ അവസാനിക്കുന്ന ചിത്രമല്ലെന്നും കഥ രണ്ടു ഭാഗങ്ങളായാകും പ്രേക്ഷകരിലേക്കെത്തുകയെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ‘റംബാൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിനു ശേഷം മോഹൻലാൽ വീണ്ടും ലിജോയുമായി കൈ കോർക്കുന്നുവെന്ന് വാർത്ത വന്നിരുന്നു. വാലിബന്റെ രണ്ടാം ഭാഗത്തിനായാകും ഇരുവരും വീണ്ടും കൈകോർക്കുക എന്നത് ഉറപ്പിക്കുന്നതാണ് പുറത്തു വരുന്ന പ്രതികരണങ്ങൾ.
ഫസ്റ്റ് ഹാഫ് പൂർത്തിയാകവെ സമൂഹമാധ്യമങ്ങളിൽ അഭിപ്രായം അറിയിക്കുകയാണ് പ്രേക്ഷകർ. മാസല്ല ക്ലാസ് ആണ് ചിത്രമെന്നും പക്കാ എൽജെപി പടമായി കണ്ടാൽ മതിയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ലോകേഷ് കനകരാജ് സിനിമയായി വാലിബനെ കാണാതിരുന്നാൽ സിനിമ തൃപ്തിപ്പെടുത്തുമെന്നാണ് ഒരു പ്രേക്ഷകൻ ട്വിറ്ററിൽ കുറിച്ചത്. ഓരോ ഫ്രെയിമുകളും മനോഹരമാണെന്നും മധു നീലകണ്ഠൻ അഭിനന്ദനം അർഹിക്കുവെന്നും പ്രതികരണങ്ങൾ ഉണ്ട്.
ഫാന്റസി ത്രില്ലർ ആണ് മലൈക്കോട്ട വാലിബൻ. നായകൻ, ആമേൻ തുടങ്ങിയ ചിത്രങ്ങളിൽ ലിജോയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്.