കൊച്ചി: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ എട്ടുവയസ്സ് പ്രായമുള്ള പെൺകുട്ടിയെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. സമീപത്തെ ചാത്തന്‍പാറ പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പുലർച്ചെ രണ്ടുമണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ടെന്നും ആരോ കുട്ടിയേയും എടുത്ത് പോകുന്നതുകണ്ടെന്നും ദൃക്സാക്ഷി പറഞ്ഞു.
ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടെന്ന് ദൃക്സാക്ഷി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ചോരയൊലിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോൾ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെൺകുട്ടിയെന്ന് ദൃക്സാക്ഷി പറഞ്ഞു. പീഡനത്തിനിരയായ സംഭവം ദാരുണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.
ഒരു മൊബൈല്‍ ഫോണും വീട്ടില്‍ നിന്നും മോഷണം പോയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്രതിയെ തിരിച്ചറിഞ്ഞെന്നും നാട്ടുകാരൻ തന്നെയാണ് പ്രതിയെന്നും എറണാകുളം റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചു. സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കുട്ടി പ്രതിയെകണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. ആളെ ഉടൻ പിടികൂടുമെന്ന് എസ്പി പറഞ്ഞു.