Gulf

യുഎഇ ലൈസന്‍സിനായി ‘ഏകദിന ടെസ്റ്റ്’: ഷാര്‍ജയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 194 പേര്‍ വിജയിച്ചു

Published

on

ഷാര്‍ജ: യുഎഇയിലെ ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള ടെസ്റ്റുകള്‍ക്കായി ഷാര്‍ജ പോലീസ് പ്രഖ്യാപിച്ച ‘വണ്‍ ഡേ ടെസ്റ്റ്’ എന്ന പുതിയ സംരംഭത്തിലൂടെ രണ്ടാഴ്ചയ്ക്കുള്ളില്‍ 194 പേര്‍ വിജയിച്ചു. ഒരേ ദിവസം തന്നെ പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ നടത്തിയാണ് ലൈസന്‍സ് നല്‍കുന്നത്. നാഷണല്‍ സര്‍വീസ് റിക്രൂട്ട്‌മെന്റുകള്‍ക്കും ഹൈസ്‌കൂള്‍ ബിരുദധാരികള്‍ക്കും വേണ്ടിയാണ് ‘ഏകദിന ടെസ്റ്റ്’ സംരംഭം.

പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതല്‍ അപേക്ഷകള്‍ പരിഗണനയിലാണെന്നും ഷാര്‍ജ പോലീസിന്റെ ജനറല്‍ കമാന്‍ഡിലെ ലൈസന്‍സിംഗ് ആന്‍ഡ് ഡ്രൈവേഴ്‌സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടെ 194 പേര്‍ക്കാണ് ഇതുവരെ ലൈസന്‍സ് നല്‍കിയത്.

രണ്ട്ഘട്ട പ്രക്രിയയാണ് ഇതിനുള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ വഴി ഇലക്ട്രോണിക് ഫയല്‍ തുറക്കുന്നതും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതുമാണ് ആദ്യ ഘട്ടം. നേരിട്ട് ഹാജരാകേണ്ടതില്ല. എല്ലാ തിയറി ക്ലാസുകളും ഓണ്‍ലൈനില്‍ പങ്കെടുക്കണം. ഓണ്‍ലൈന്‍ തിയറി പരീക്ഷ വിജയിച്ചവര്‍ക്ക് വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രായോഗിക പരിശീലനം നല്‍കും. ശേഷം, പ്രൊവിഷണല്‍, സിറ്റി ലൈസന്‍സുകള്‍ ഉള്‍ക്കൊള്ളുന്ന അവസാന ടെസ്റ്റിനുള്ള തീയതി ഷെഡ്യൂള്‍ ചെയ്യും. ട്രെയിനികള്‍ക്ക് അവരുടെ ടെസ്റ്റുകള്‍ ഒരേ ദിവസം തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും.

സെപ്തംബര്‍ അവസാനം വരെയാണ് ‘ഏകദിന ടെസ്റ്റ്’ സംരംഭം. ഇത് ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ശേഷിക്കുന്ന കാലയളവ് പ്രയോജനപ്പെടുത്തണമെന്ന് വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവേഴ്‌സ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഖാലിദ് മുഹമ്മദ് അല്‍കെ അഭ്യര്‍ത്ഥിച്ചു. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെല്‍പ്പ്‌ലൈനില്‍ (901) കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ‘വണ്‍ ഡേ’ ടെസ്റ്റ് സംവിധാനം ഷാര്‍ജയ്ക്കു പുറമേ റാസല്‍ഖൈമയിലും ആരംഭിച്ചിട്ടുണ്ട്. റാസല്‍ ഖൈമയില്‍ ജൂലൈ 15ന് ആരംഭിച്ച പദ്ധതിയുടെ കാലാവധി ഈ വര്‍ഷാവസാനം വരെയാണ്. ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള സമയവും പരിശ്രമവും ഇതിലൂടെ ലാഭിക്കാം.

പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് നാട്ടിലേക്ക് അയച്ചുനല്‍കുന്ന പദ്ധതി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആര്‍ടിഎ) ഈയിടെ ആരംഭിച്ചിരുന്നു. ഇന്റര്‍നാഷനല്‍ ഡെലിവറി സര്‍വീസ് എന്നാണ് പദ്ധതിയുടെ പേര്. ആവശ്യപ്പെടുന്നവര്‍ക്കെല്ലാം ദുബായ് എമിറേറ്റിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡും തപാല്‍ മാര്‍ഗം അവരുടെ സ്വന്തം നാടുകളിലേക്ക് അയച്ചുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version