മസ്കറ്റ്: ഓണം അടുത്തതോടെ ഗൾഫ് നാടുകളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരുടെ വലിയ തിരക്കാണ്. പതിവുപോലെ സീസൺ സമയം എത്തിയപ്പോൾ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കാണ് ഉയർന്നിരിക്കുന്നത്. വേനലവധിക്ക് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്തിയത് കാരണം നാട്ടിൽ പോകാതിരുന്ന പ്രവാസികൾ ഓണം വരാൻ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് വീണ്ടും ടിക്കറ്റ് നിരക്ക് ഉയർന്നത്. രണ്ട് കുട്ടികൾ അടങ്ങുന്ന ഒരു കുടുംബത്തിന് നാട്ടിലേക്കെത്താൻ വലിയ തുകയാണ് നൽകേണ്ടി വരുക.
ടിക്കറ്റ് നിരക്ക് വർധനവ് കാരണം ഓണത്തിന് നാട്ടിൽ പോകാൻ സാധിക്കാത്ത അവസ്ഥയാണ് പലർക്കും. കുടുംബവുമായി നാട്ടിൽ ഓണം ആഘോഷിക്കാൻ പോകണമെങ്കിൽ നല്ല തുക ടിക്കറ്റ് നിരക്കിൽ നഷ്ടം വരും. രണ്ട് കുട്ടികൾ അടക്കം ഒരു കുടുംബത്തിന് നാട്ടിലെത്തണം എങ്കിൽ ഒരു ലക്ഷം രൂപക്ക് മുകളിൽ രൂപ ടിക്കറ്റിനായി നൽകേണ്ടി വരും. ഇപ്പോൾ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ചെറിയ പെെസക്ക് ലഭിക്കും. ഓണം അടുക്കുന്ന ദിവസത്തെ നിരക്ക് കൂടുകയാണ്.
ഓരോ സീസണിലും ടിക്കറ്റ് നിരക്ക് വലിയ രീതിയിലാണ് ഉയരുക. ടിക്കറ്റ് നിരക്കിൽ ഇടപെടാനാവില്ലെന്ന കേന്ദ്രമന്ത്രിയുടെ മറുപടി പ്രവാസികൾക്ക് തിരിച്ചടിയായിരുന്നു. ഗോ ഫസ്റ്റ് നിർത്തലാക്കിയിട്ട് മാസങ്ങളായെങ്കിലും സർവിസ് പുനരാരംഭിക്കാൻ ഇതുവരെ നടപടികളൊന്നും ആയിട്ടില്ല. ടിക്കറ്റ് എടുത്ത പലരുടേയും ടിക്കറ്റ് തുക ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല. യാത്ര റദ്ദാക്കിയ വകയിലും, ഓൺലൈനിൽ ബുക്കിങ് നടത്തിയ വകയിലും വലിയ തുക ഗോ ഫസ്റ്റിന് തിരിച്ചു നൽകാനുണ്ട്. ഗോ ഫസ്റ്റിന്റെ സർവിസുകൾ പുനരാരംഭിക്കാൻ സിവിൽ ഏവിയേഷൻ അധികൃതർ അനുവാദം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവിസുകൾ ആയിരിക്കും കമ്പനി നടത്തുക. സെപ്റ്റംബറോടെ രാജ്യാന്തര സർവിസുകളും പുനരാരംഭിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇനി ഈ തീരുമാനത്തിൽ മാറ്റമുണ്ടാകുമോ എന്ന് കാര്യം വ്യക്തമല്ല. കഴിഞ്ഞ മേയിൽ ആണ് ഗോഫാസ്റ്റ് വിമാന സർവീസ് നിർത്തുന്നത്. കണ്ണൂരിൽ നിന്ന് മസ്കത്തിലേക്കാണ് ഗോ എയർ ഏറ്റവും കൂടുതൽ സർവിസ് നടത്തുന്നത്.
കണ്ണൂർ എയർപോർട്ട് സജീവമാകാത്തതും, കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാത്തതും യാത്രക്കാരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. പുതിയ വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ വിമാനത്താവളത്തിലേക്ക് യാത്രാനുമതി ലഭിച്ചിട്ടില്ല. ഇത് ലഭിക്കുകയാണെങ്കിൽ പ്രവാസികളുടെ യാത്രക്ക് ചെറിയ രീതിയിൽ ആശ്വാസമാകും.