മസ്‌ക്കറ്റ്: കഴിഞ്ഞ ഒരു മാസമായി ഒമാനിലെ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച രാജ്യത്ത് ചൂട് കൂടുന്നതിനനുസരിച്ച് കൂടിക്കൊണ്ടിരിക്കുന്ന ഇലക്ട്രിസിറ്റി ബില്ലിനെ കുറിച്ചായിരുന്നു. ഉയര്‍ന്ന ബില്ലിനെതിരേ സ്വദേശികളും പ്രവാസികളും ഒരു പോലെ രംഗത്തുവരികയുണ്ടായി. പ്രവാസികള്‍ ഉള്‍പ്പെടെ ചെറിയ വരുമാനക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്ത ബില്ലാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വന്നുകൊണ്ടിരിക്കുന്നത് എന്ന പരാതിയുമായി ഇലക്ട്രിസിറ്റി വകുപ്പിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പലരും പരാതിയുമായി എത്തി.
ജനങ്ങളുടെ ന്യായമായ ഈ ആവശ്യം പരിഗണിച്ച ഒമാന്‍ അധികൃതര്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലെ വൈദ്യുതി ബില്ല് തുക കുറയ്ക്കാന്‍ തീരുമാനമെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ വൈദ്യുതി ബില്ലില്‍ റസിഡന്‍ഷ്യന്‍ കെട്ടിടങ്ങള്‍ക്ക് അനുവദിച്ച സബ്‌സിഡി വര്‍ധിപ്പിച്ചു കൊണ്ടാണ് ജനങ്ങള്‍ക്കുള്ള അധികഭാരം കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്. ഇതുപ്രകാരം നിലവില്‍ അനുവദിച്ചിരിക്കുന്ന 15 ശതമാനം സബ്‌സിഡി നിരക്ക് 30 ശതമാനമായി വര്‍ധിപ്പിച്ചതായി അതോറിറ്റി ഫോര്‍ പബ്ലിക് സര്‍വീസസ് റെഗുലേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ 180 മുതല്‍ 200 വരെ റിയാലാണ് വൈദ്യുതി ബില്ലായി വരുന്നത്. അഥവാ 40,000ത്തിലേറെ ഇന്ത്യന്‍ രൂപ. 500 റിയാല്‍ ശമ്പളമുള്ള ഒരാള്‍ ഇത്രവലിയ തുക വൈദ്യുതി ബില്ലായി എങ്ങനെ നല്‍കുമെന്നാണ് ഉപഭോക്താക്കളില്‍ നിന്നുയര്‍ന്ന ചോദ്യം. പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്റര്‍ വഴി ഇലക്ട്രിസിറ്റി ബില്ല് അടയ്ക്കുന്ന പ്രവാസികളുടെയും സ്ഥിതി മറിച്ചല്ല. വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെടാതിരിക്കാന്‍ ഓരോ ആഴ്ചയും വലിയ തുകയാണ് അവര്‍ അടക്കേണ്ടിവരുന്നത്. വലിയ ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് നടന്നത്. നിരവധി പേർക്ക് ആശ്വാസമാകുന്ന വാർത്തയാണ് പിന്നീട് എത്തിയത്.
പ്രവാസികളായ വീട്ടുടമകള്‍ക്ക് ഉള്‍പ്പെടെ ഈ ആനുകൂല്യം ലഭിക്കും. അതേസമയം, വാടകയ്ക്ക് നല്‍കിയിരിക്കുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് പുതുക്കിയ സബ്‌സിഡി നിരക്കിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തില്‍ കുറവ് വരുത്താതെ തന്നെ വൈദ്യുതി നിരക്ക് കുറച്ചുകൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രശ്‌നം സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധയില്‍പ്പെടുത്തിയ ഉപഭോക്താക്കള്‍ക്ക് നന്ദി പറയാനും അധികൃതര്‍ മറന്നില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കുന്ന സമീപനമാണ് തങ്ങള്‍ക്കെന്നും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.