കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ പിടിച്ചുകുലുക്കിയ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ അടുത്ത പോസ്റ്ററുമായി ടീം ‘രായൻ’. എസ് ജെ സൂര്യയുടെ ക്യാരക്ടർ പോസ്റ്ററാണ് ധനുഷ് പങ്കുവെച്ചത്. ഒരു പക്കാ ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമായ രായനിൽ പ്രതിനായകനായി എത്തുന്നത് എസ് ജെ സൂര്യ ആണെന്നാണ് റിപ്പോർട്ട്.
ആദ്യം ഇറങ്ങിയ പോസ്റ്ററിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പോസ്റ്ററിൽ കത്തിയുമായി നിൽക്കുന്ന ധനുഷിനൊപ്പം കാളിദാസ് ജയറാമും സന്ദീപ് കിഷനുമാണുള്ളത്. സൺ പിച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുഗ്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും. കഴിഞ്ഞ ഡിസംബറിൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ നടന്നുകൊണ്ടിയിരിക്കുകയാണ്. റിലീസ് ഡേറ്റും മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
അതേസമയം, ധനുഷ് തന്റെ മറ്റൊരു ചിത്രമായ ‘നിലാവക്ക് എൻ മേൽ എന്നടി കോബം’ റിലീസ് തിരക്കിലാണ്. വലിയ സ്റ്റാർ കാസ്റ്റ് ഒന്നുമില്ലാതെ യുവതാരങ്ങളെ അണിനിരത്തിയാണ് നടൻ ചിത്രം ഒരുക്കുന്നത്. മലയാളി താരങ്ങളായ മാത്യു തോമസ്, പ്രിയ പ്രകാശ് വാരിയർ, അനിഖ സുരേന്ദ്രൻ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജി.വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.