2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം ‘ജയിലറി’ന്റേത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോഡുകൾ തകർത്താണ് മുന്നേറിയത്. സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ജയിലറിന് സീക്വൽ ഒരുങ്ങാനുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് ഏറെ ആവേശമുളവാക്കുന്ന റിപ്പോർട്ടുകളാണ് ജയിലർ 2 നെക്കുറിച്ച് വരുന്നത്.
ജയിലർ 2 ൽ തെലുങ്കിലെ സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയെ ഒരു സുപ്രധാന വേഷത്തിലേക്ക് പരിഗണിക്കുന്നതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. രണ്ടാം ഭാഗത്തിൽ മോഹൻലാലും ശിവ്രാജ്കുമാറും ഭാഗമാകുമോ എന്ന ചർച്ചകളുമുണ്ട്. തലൈവരുടെ 172-ാം ചിത്രമായി ജയിലർ 2 ഒരുങ്ങുമെന്നാണ് വിവരം.
അതേസമയം രജനികാന്തിന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ടുള്ള മുഴുനീള എന്റർടെയ്നാറായിരിക്കും വേട്ടയ്യൻ എന്നാണ് പുറത്തു വരുന്ന അഭ്യൂഹം. മത്രമല്ല, ഒരു പൊലീസ് ഓഫീസറായാണ് താരം അഭിനയിക്കുന്നത് എന്ന് സിനിമ സെറ്റിലെ താരത്തിന്റെ യൂണിഫോമിലുള്ള ചിത്രം പുറത്തു വന്നതിന് പിന്നാലെ റിപ്പോർട്ടുകളെത്തിയിരുന്നു.
വലിയ സ്റ്റാർ കാസ്റ്റിലൊരുങ്ങുന്ന ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനവും നിർവഹിക്കുന്നു.
ലോകേഷ് കനകരാജ് സംവിധാനത്തിൽ ഒരുങ്ങുന്ന കൂലി എന്ന ചിത്രത്തിലാണ് രജനികാന്ത് അടുത്തതായി അഭിനയിക്കുന്നത്. ജൂൺ 10 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായാണ് താരത്തിന്റെ ഹിമാലയ യാത്ര. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ കൂലിയിലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രം എൽ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്.