Gulf

നോര്‍ക്ക-പ്രവാസി ക്ഷേമനിധി ഹെല്‍പ് ഡെസ്‌ക് മക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു

Published

on

മക്ക: നോര്‍ക്ക-പ്രവാസി ക്ഷേമനിധി ഹെല്‍പ് ഡെസ്‌ക് മക്ക അസീസിയയില്‍ പ്രവര്‍ത്തനം തുടങ്ങി. ഒഐസിസി മക്ക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. നോര്‍ക്ക അംഗത്വ ഇന്‍ഷുറന്‍സ് കാര്‍ഡ്, നോര്‍ക്ക ക്ഷേമനിധി, അല്‍ ബറകാ ഹോസ്പിറ്റലിന്റെ ഡിസ്‌കൗണ്ട് കാര്‍ഡ് തുടങ്ങിയവ ഈ സേവന കേന്ദ്രം വഴി ലഭ്യമാകും.

മക്ക അസീസിയയില്‍ പാനൂര്‍ റെസ്റ്റോറന്റില്‍ മാസത്തിലെ ആദ്യത്തെയും അവസാനത്തെയും വെള്ളിയാഴ്ചകളിലായിരിക്കും ഹെല്‍പ്ഡെസ്‌ക് പ്രവര്‍ത്തിക്കുക. ഹെല്‍പ് ഡെസ്‌ക് കോര്‍ഡിനേറ്റര്‍മാരായി റിഹാബ് റയിഫ്, നൈസം തോപ്പില്‍, ശ്യം കോതമംഗലം തുടങ്ങിയവരെ തിരഞ്ഞെടുത്തു. സേവനങ്ങള്‍ ലഭ്യമാവാനും സംശയനിവാരണത്തിനും ഹെല്‍പ് ഡെസ്‌കുമായി 0532605497, 0538893315, 0565464168 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഒഐസിസി മിഡില്‍ഈസ്റ്റ് കണ്‍വീനറും സൗദി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റുമായ കെടിഎ മുനീര്‍ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സേവനങ്ങള്‍ക്കപ്പുറം മക്ക മേഖലയിലെ മലയാളികള്‍ക്ക് ഏതു വിഷയത്തിനും സമീപിക്കാവുന്ന ഇടമായി ഹെല്‍പ് ഡെസ്‌ക് മാറണമെന്ന് അദ്ദേഹം പ്രത്യാശിച്ചു. അര്‍ഹമായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കന്നതില്‍ പ്രവാസികളില്‍ വലിയ വിമുഖതയാണ് കണ്ടുവരുന്നത്. ജീവകാരുണ്യ സഹായങ്ങളും ദാനധര്‍മങ്ങളും ചെയ്യുന്നതില്‍ കാണിക്കുന്ന ശുഷ്‌കാന്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അസീസിയ പാനൂര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് നൗഷാദ് പെരുന്തലൂര്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി മലപ്പുറം ജില്ലാ പ്രസിഡന്റും മഞ്ചേരി നഗരസഭ ഉപാധ്യക്ഷനുമായ വിപി ഫിറോസ് മുഖ്യാതിഥിയായിരുന്നു. ജിദ്ദ ഒഐസിസി പ്രവാസിസേവന കേന്ദ്ര കണ്‍വീനര്‍ അലി തേക്കുതോട് ഹെല്‍പ് ഡെസ്‌ക് സേവനങ്ങള്‍ വിശദീകരിച്ചു. നോര്‍ക്ക ഇന്‍ഷുറന്‍സ്, ക്ഷേമനിധി, നോര്‍കയുടെ വിവിധ പദ്ധതികള്‍ എന്നിവയെ കുറിച്ച് ജിദ്ദ ഒഐസിസി നോര്‍ക്ക ഹെല്‍പ് സെല്‍ കണ്‍വീനര്‍ നൗഷാദ് അടൂര്‍ ക്ലാസെടുത്തു.

ഡോ. അന്‍സാരി, നാസര്‍ കിന്‍സാര, സിദ്ധിക്ക് കണ്ണൂര്‍, മുനീര്‍ കിളിനക്കോട്, അനീഷ നിസാം, നിജി നിഷാദ് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. റഷീദ് ബിന്‍സാഗര്‍, റയിഫ് കണ്ണൂര്‍, ഹബീബ് കോഴിക്കോട്, ഷബീര്‍ ചേളന്നൂര്‍, നൗഷാദ് എടക്കര, മുബഷിര്‍, നൈസാം തോപ്പില്‍, യാസിര്‍, റയീസ് കണ്ണൂര്‍, അന്‍ഷാദ് വെണ്മണി, റഷീദ് മുണ്ടക്കയം തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും ട്രഷറര്‍ മുജീബ് കീഴിശ്ശേരി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version