Gulf

പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമെങ്കില്‍ യാത്രാനുമതി നല്‍കില്ല; മുന്നറിയിപ്പ് ആവര്‍ത്തിച്ച് യുഎഇ അധികാരികള്‍

Published

on

അബുദാബി: സര്‍ നെയിം, ഗിവെണ്‍ നെയിം എന്നിവയില്‍ ഏതെങ്കിലും ഒരിടത്ത് മാത്രം പേര് രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് യുഎഇ അധികാരികള്‍. ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ടുകള്‍ സ്വീകാര്യമല്ലെന്ന് യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഓര്‍മിപ്പിച്ചു.

ഇക്കാര്യം വ്യക്തമാക്കി യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കി. നെയിം, സര്‍ നെയിം എന്നീ രണ്ട് കോളങ്ങളും പൂരിപ്പിച്ച പാസ്‌പോര്‍ട്ടുകളാണ് സ്വീകാര്യം. ഇതില്‍ രണ്ടിടത്തും എന്തെങ്കിലും രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ പാസ്‌പോര്‍ട്ടില്‍ എവിടെയെങ്കിലും സര്‍നെയിം ഉണ്ടെങ്കില്‍ യാത്ര അനുവദിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പേര് മാത്രം എഴുതി സര്‍നെയിമിന്റെ സ്ഥാനത്ത് ഒന്നും ചേര്‍ക്കാതിരുന്നാലും ഗിവെന്‍ നെയിം ഒഴിവാക്കി സര്‍നെയിം മാത്രം എഴുതിയാലും സ്വീകാര്യമല്ലെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അതുപോലെ പഴയ കാലത്ത് സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥര്‍ കൈകൊണ്ട് എഴുതി നല്‍കുന്ന (ഹാന്‍ഡ് റിട്ടണ്‍) പ്രിന്റഡ് അല്ലാത്ത പാസ്‌പോര്‍ട്ടുകളും ഇപ്പോള്‍ സ്വീകരിക്കുന്നില്ല.

പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവരെ രാജ്യത്തേക്ക് കൊണ്ടുവരുന്ന വിമാന കമ്പനികള്‍ക്ക് അവരെ തിരിച്ചുകൊണ്ടുപോവേണ്ടിവരും. അതിനാല്‍ യാത്രാനുമതി നല്‍കുന്നതിന് മുമ്പ് വിമാന കമ്പനികള്‍ പാസ്‌പോര്‍ട്ട് പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തണം. ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് ടിക്കറ്റോ ബോര്‍ഡിങ് പാസോ നല്‍കില്ല.

നിലവില്‍ യുഎഇ റെസിഡന്‍സ് വിസയുള്ളവര്‍ക്ക് ഈ നിയമത്തില്‍ ഇളവുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടില്‍ ഒരു പേര് മാത്രമാണെങ്കിലും യാത്രചെയ്യുന്നതിന് തടസമില്ല. വിസിറ്റ് വിസയില്‍ എത്തുന്നവര്‍ക്ക് മാത്രമാണ് ഈ നിയമം ബാധകം. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കുന്നതിനും വിമാന കമ്പനികള്‍ക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുമാണ് വീണ്ടും നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version