Business

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ഇല്ല,ഓഹരിവിപണിയില്‍ അദാനി ഗ്രൂപ്പിന് നേരിയ നേട്ടം

Published

on

ന്യൂഡൽഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് നേരിയ നേട്ടം. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം ഉയര്‍ന്നു. ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ മൂന്ന് ശതമാനം മുതല്‍ 18 ശതമാനം വരെ ഉയർച്ചയാണ് അദാനി ഗ്രൂപ്പ് രേഖപ്പെടുത്തിയത്. അദാനി എന്റര്‍പ്രൈസസിലും അദാനി പോര്‍ട്ടിലുമാണ് പ്രധാനമായും നേട്ടം. അദാനി എന്റർപ്രൈസസ് 2.26 ശതമാനവും, അദാനി പോർട്സ് 1.30 ശതമാനവും അദാനി എനർജി 9.00 ശതമാനവും അദാനി ഗ്രീൻ 3.51 ശതമാനവും അദാനി പവർ 3.37 ശതമാനവും ഉയർച്ച രേഖപ്പെടുത്തി. ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള വിപണി മൂലധനം ₹15 ലക്ഷം കോടി പിന്നിട്ടുവെന്നാണ് മിന്റ് റിപ്പോർട്ട് ചെയ്യുന്നത്.

അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ഹർജി ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കുന്നത് ഓഹരി വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ വിപണിയിൽ അദാനി ​ഗ്രൂപ്പ് ഓഹരികൾ ചാഞ്ചാട്ടം നേരിട്ടിരുന്നു. അദാനി ഗ്രൂപ്പ് ഓഹരികൾ ഇപ്പോഴും സ്ഥിരമായ ഉയർച്ചയിലേയ്ക്ക് എത്തിയിട്ടില്ലെങ്കിലും വിധി അദാനി ​ഗ്രൂപ്പിന് ആശ്വാസമാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെബിയുടെ നിയന്ത്രണാധികാരങ്ങളില്‍ ഇടപെടാനാവില്ലെന്നും ഇതിനുള്ള കോടതി പരിശോധന പരിമിതമെന്ന് സുപ്രീം കോടതി പറഞ്ഞു. അന്വേഷണം സെബിയില്‍ നിന്ന് മാറ്റേണ്ടതില്ലെന്നും രണ്ട് അന്വേഷണങ്ങള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ക്രമക്കേട് നടന്നുവെങ്കില്‍ സെബിക്ക് നടപടി സ്വീകരിക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആണ് വിധി പറഞ്ഞത്. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് വിധി.

നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കണം. ഇതിനായി കേന്ദ്രവും സെബിയും നടപടി സ്വീകരിക്കണം. സെബി അന്വേഷണത്തെ സംശയിക്കാനാവില്ല. അന്വേഷണം കൈമാറേണ്ടത് അസാധാരണ സാഹര്യങ്ങളില്‍ മാത്രമാണെന്നും അന്വേഷണം കൈമാറേണ്ട അസാധാരണ സാഹചര്യം നിലവിൽ ഇല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സമ്പൂര്‍ണ്ണ തെളിവല്ലെന്നു പറഞ്ഞ കോടതി ഹര്‍ജിക്കാരെയും വിമർശിച്ചു. ഹര്‍ജി മതിയായ ഗവേഷണം നടത്താതെയാണെന്നും കാമ്പില്ലാത്ത റിപ്പോര്‍ട്ടിനെ ഹര്‍ജിക്കാര്‍ ആശ്രയിച്ചുവെന്നും കോടതി കുറ്റപ്പെടുത്തി. ആവശ്യമായ തെളിവ് നല്‍കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും മാധ്യമങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിപ്രകാരം അന്വേഷണം നടത്താനാവില്ലെന്നും കോടതി പറഞ്ഞു.

അദാനി ഗ്രൂപ്പ് ഓഹരികള്‍ വിലപെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തുടര്‍ന്ന് സുപ്രീം കോടതി സെബിയോട് അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു. ഓഗസ്റ്റ് 14 നുള്ളില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നെങ്കിലും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന് സെബിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അന്തിമവാദം കേള്‍ക്കുന്നതിനിടെയാണ് സെബിയുടെയും വിദഗ്ധ സമിതിയുടെയും അന്വേഷണങ്ങളെ സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version