ത്വാഇഫ്: ഇഖാമ സംബന്ധമായ പ്രശ്‌നങ്ങളും കടുത്ത രോഗങ്ങളും കാരണം പ്രയാസത്തിലായ തമിഴ്‌നാട് സ്വദേശി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നാടണഞ്ഞു. 30 വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുന്ന തമിഴ്‌നാട് ശിവഗംഗ സ്വദേശിയ കറുപ്പയ്യ സെല്‍വന്‍ ആണ് സൗദിയിലെ ഇന്ത്യന്‍ മിഷന്റെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ നാട്ടിലേക്ക് തിരിച്ചത്.
ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് മടങ്ങാനും സാധിച്ചിരുന്നില്ല. ഒന്നര മാസമായി മൂത്രസഞ്ചിയിലെ കല്ല് കാരണം അവശതയിലായിരുന്നു. തുടര്‍ന്ന് റിയാദ് എംബസിയെ സമീപിക്കുകയും ലേബര്‍ ഓഫീസില്‍ നിന്ന് എന്‍.ഒ.സി തരപ്പെടുത്തി നല്‍കുകയും ചെയ്തു. പിന്നീട് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചാണ് ഫൈനല്‍ എക്‌സിറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ശരിയാക്കിത്.
ത്വാഇഫില്‍ മെയിന്റനന്‍സ് വിഭാഗത്തിലായിരുന്നു കറുപ്പയ്യ ജോലിചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ ജീവിതദുരിതങ്ങളെ കുറിച്ച് അറിഞ്ഞ സൗദിയിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഐവ വെല്‍ഫെയര്‍ വിങ്, ന്യൂ ഏജ് ഇന്ത്യ ഫോറം അംഗവുമായ ലിയാഖത്ത് കോട്ടയാണ് വിഷയം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പെടുത്തി നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്.
എംബസിയുടെ സഹായത്തോടെ സൗദി ലേബര്‍ ഓഫിസില്‍ നിന്നും നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചു. തുടര്‍ന്ന് ഫൈനല്‍ എക്സ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ജിദ്ദ കോണ്‍സുലേറ്റിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് ത്വാഇഫില്‍ നിന്ന് ഷാര്‍ജ വഴി യാത്രതിരിച്ച കറുപ്പയ്യ ചെന്നൈയില്‍ വിമാനമിറങ്ങിയതായി ലിയാഖത്ത് കോട്ട സമയം മലയാളത്തോട് പറഞ്ഞു.
റിയാദ് എംബസിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇബ്രാഹീം കരീം, അബ്ബാസ് ചെങ്ങണി എന്നിവരും ജിദ്ദയില്‍ നിന്നുള്ള ഫൈനല്‍ എക്‌സിറ്റിനായി പന്തളം ഷാജി, വിജയന്‍ നെല്ലനാട്, ഷിബിന്‍ കെ സെബാസ്റ്റ്യന്‍ എന്നിവരും സഹായങ്ങള്‍ നല്‍കി. സഹായവുമായി കൂടെ നിന്ന അബ്ദുല്‍ ഖാദര്‍, ഡോവിസ്, അലി പട്ടാമ്പി, സലാഹ് കാരാടന്‍ എന്നിവര്‍ക്കും നന്ദിപറഞ്ഞാണ് കറുപ്പയ്യ വിമാനം കയറിയത്.