Gulf

‘പെര്‍മിറ്റില്ലാതെ ഹജ്ജ് പാടില്ല’; ബോധവത്ക്കരണ ക്യാമ്പയിന് തുടക്കം കുറിച്ച് സൗദി

Published

on

ജിദ്ദ: അധികൃതര്‍ നല്‍കുന്ന അംഗീകൃത പെര്‍മിറ്റില്ലാതെ ഹജ്ജ് ചെയ്യാന്‍ ഒരു തീര്‍ഥാടകനെയും അനുവദിക്കില്ലെന്ന് മക്ക മേഖല ഡെപ്യൂട്ടി അമീറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ പ്രിന്‍സ് സൗദ് ബിന്‍ മിശ്അല്‍. അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

‘ഹജ്ജ് ആരാധനയും സംസ്‌ക്കാരവുമാണ്, അനുമതി ഇല്ലാതെ ഹജ്ജ് പാടില്ല’ എന്ന പ്രമേയത്തില്‍ ആരംഭിച്ച ബോധവല്‍ക്കരണ കാംപയിന്റെ പതിനാറാമത് എഡിഷന് തുടക്കം കുറിച്ച് നടന്ന ചടങ്ങിലാണ് ഡെപ്യൂട്ടി അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മക്ക അമീറും രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകന്റെ ഉപദേശകനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനെ പ്രതിനിധീകരിച്ച് സൗദി രാജകുമാരന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

തീര്‍ഥാടകരെ സേവിക്കുന്നതിലും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരനായ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മുന്തിയ പരിഗണനയും ശ്രദ്ധയുമാണ് നല്‍കുന്നതെന്ന് ഡെപ്യൂട്ടി അമീര്‍ പറഞ്ഞു. തീര്‍ഥാടകരുടെ ആചാരപരമായ കര്‍മങ്ങള്‍ സുഗമമായും സുരക്ഷിതമായും നിര്‍വഹിക്കാന്‍ വഴിയൊരുക്കുന്നതിന് എല്ലാ വിഭവങ്ങളും വിനിയോഗിക്കുന്നതില്‍ അവര്‍ കാണിക്കുന്ന താല്‍പര്യത്തിന് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. ഹജ്ജ് സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ആഭ്യന്തര മന്ത്രിയും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനെയും അദ്ദേഹം പ്രശംസിച്ചു.

അനുമതിയില്ലാതെ തീര്‍ഥാടനം നടത്താന്‍ ശ്രമിക്കുന്നവരെയും ഹജ്ജിന്റെ മറ്റ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെയും തടയുന്നതിന് മുന്‍വര്‍ഷങ്ങളിലെന്ന പോലെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണയും ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സൗദ് രാജകുമാരന്‍ പറഞ്ഞു. തെറ്റായ പെരുമാറ്റം കുറയ്ക്കുന്നതിനും വഞ്ചനാപരമായ പ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നതിനും അനധികൃത തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കുന്നതിനും ഈ കാംപയിന്‍ വലിയ സംഭാവന ചെയ്തിട്ടുണ്ട്. ഇത് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇസ്ലാമിന്റെ അഞ്ചാം സ്തംഭമായ ഹജ്ജ് കര്‍മം അനായാസമായും സുഗമമായും നിര്‍വഹിക്കാന്‍ അവര്‍ക്ക് അനുയോജ്യമായ ആത്മീയ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി, തീര്‍ഥാടകരെ സ്വീകരിക്കുന്നതിനും സേവിക്കുന്നതിനുമുള്ള ഏകോപനവും സന്നദ്ധതയും വര്‍ധിപ്പിക്കാന്‍ ഹജ്ജില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ മേഖലകളോടും സൗദ് രാജകുമാരന്‍ അഭ്യര്‍ത്ഥിച്ചു. സുരക്ഷിതവും തടസ്സരഹിതവുമായ ഹജ്ജ് ഉറപ്പാക്കുന്നതിന് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതിന്റെയും നിയമലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം ആവര്‍ത്തിച്ചു. അനുമതിയില്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നത് വിലക്കിക്കൊണ്ടുള്ള സൗദി കൗണ്‍സില്‍ ഓഫ് സീനിയര്‍ സ്‌കോളേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയെ അദ്ദേഹം അഭിനന്ദിച്ചു.

സൗദി പണ്ഡിത സഭയുടെ ഈ ഫത്വ പുണ്യ സ്ഥലത്തിന്റെ പവിത്രതയും ആചാരത്തിന്റെ വിശുദ്ധിയും കണക്കിലെടുക്കുന്നുവെന്ന് ഡെപ്യൂട്ടി അമീര്‍ പറഞ്ഞു. ഇസ്ലാമിന്റെ അഞ്ചാമത്തെ സ്തംഭം എന്ന നിലയില്‍ ഹജ്ജ് കര്‍മം സുരക്ഷിതമായും ശാന്തമായും അനായാസമായും നിര്‍വഹിക്കാന്‍ മുസ്ലിംകളെ പ്രാപ്തരാക്കുക, അതോടൊപ്പം അവര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ മേഖലകളെ പ്രാപ്തരാക്കുക എന്നതാണ് ഫത്‌വ ലക്ഷ്യമിടുന്നത്. പുണ്യസ്ഥലങ്ങളിലേക്കുള്ള അനധികൃത പ്രവേശനം പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നും നിയമാനുസൃതമായ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ സംവിധാനത്തെ അത് തടസ്സപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍, അധികാരികളെ അനുസരിക്കുകയും മറ്റുള്ളവരെ ഏതെങ്കിലും വിധത്തില്‍ ദ്രോഹിക്കുന്ന ലംഘനങ്ങള്‍ ഒഴിവാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2024ലെ ഹജ്ജ് സീസണില്‍ സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഉണ്ടാകുന്ന ഏതൊരു ഭീഷണിയും നേരിടാന്‍ എല്ലാ മേഖലകളിലെയും ഹജ്ജ് സുരക്ഷാ സേനകള്‍ സജ്ജമാണെന്ന് ചടങ്ങില്‍ സംസാരിച്ച പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ലഫ്. മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു. തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും അപകടത്തിലാക്കുന്ന ഏതു പ്രവര്‍ത്തനങ്ങളെയും കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘകരെ കസ്റ്റഡിയിലെടുക്കുമെന്നും ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തീര്‍ഥാടകരെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും അവര്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി നടപ്പിലാക്ക് നുസുക് ഐഡി കാര്‍ഡ് ഇക്കാര്യത്തില്‍ ഏറെ സഹായകമാണെന്നും അദ്ദേഹം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version