Kerala

നിപ മരണം:രണ്ടാമത്തെയാളുടെ റൂട്ട് മാപ്പും പുറത്തുവിട്ടു;രോ​ഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് ഈ മാസം അഞ്ചിന്

Published

on

കോഴിക്കോട്: ആയഞ്ചേരിയിൽ നിപ ബാധിച്ച് മരിച്ച രണ്ടാമത്തെയാളുടെ റൂട്ട് മാപ്പ് ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ടു. സെപ്റ്റംബർ അഞ്ചിനാണ് ഇയാൾക്ക് രോ​ഗ ലക്ഷണം കണ്ടു തുടങ്ങിയത്. അന്ന് ഒരു ബന്ധുവിന്റെ വീട്ടിലും സെപ്റ്റംബർ ആറിന് മറ്റൊരു ബന്ധുവിന്റെ വീടും സന്ദർശിച്ചു. ഏഴിന് മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തി. അതേദിവസം റൂബിയൻ മാർക്കറ്റ് സന്ദർശിച്ചു. രോ​ഗലക്ഷണങ്ങൾ മൂർച്ഛിച്ചതോ‌ടെ എട്ടാം തീയതി ആയഞ്ചേരിയിലെ ആരോ​ഗ്യ കേന്ദ്രത്തിലെത്തി.

ആരോ​ഗ്യ കേന്ദ്രത്തിൽ പോയ അതേ ദിവസം തന്നെ ഇഖ്റ ആശുപത്രിയിലേക്കും പോയിട്ടുണ്ട്. അന്നുതന്നെ ഉച്ചയ്ക്ക് 12നും 1 മണിക്കും ഇടയില്‍ തട്ടാങ്കോട് മസ്ജിദിൽ പ്രാർത്ഥനയ്ക്ക് കയറി. സെപ്റ്റംബർ ഒമ്പതിന് രാവിലെ പത്തിനും 12നും ഇടയിൽ വില്യാപ്പളളിയിലെ ആരോ​ഗ്യകേന്ദ്രത്തിൽ പോയി. സെപ്റ്റംബർ പത്തിന് രാവിലെ 10.30നും 11നും ഇടയില്‍ വീണ്ടും ഇതേ ആരോഗ്യകേന്ദ്രത്തിലെത്തി. വടകരയിലെ ആരോഗ്യകേന്ദ്രത്തിലേക്കും അന്ന് പോയെന്ന് റൂട്ട് മാപ്പിൽ കാണിക്കുന്നു.

സെപ്റ്റംബർ 11ന് രാവിലെ ഡോക്ടർ ജ്യോതികുമാറിന്റെ ക്ലിനിക്കിലെത്തി. അന്ന് തന്നെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ വടകര കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സ തേടി. അവിടെ നിന്ന് ആണ് മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

നിപ ബാധിച്ച് മരിച്ച ആദ്യ രോഗിയുടെ റൂട്ട് മാപ്പും പുറത്തുവിട്ടിരുന്നു. ഓ​ഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഓ​ഗസ്റ്റ് 22 നാണ് ഇയാളിൽ രോ​ഗലക്ഷണം പ്രകടമായി തുടങ്ങിയത്. ശേഷം ഓ​ഗസ്റ്റ് 23ന് തിരുവള്ളൂരിൽ കുടുംബ ചടങ്ങിൽ പങ്കെടുത്തു. ഓ​ഗസ്റ്റ് 25ന് മുള്ളൻകുന്ന് ബാങ്കിലും കള്ളാട് ജുമാമസ്ജിദിലും എത്തി. ഓ​ഗസ്റ്റ് 26ന് ക്ലിനിക്കിൽ എത്തി ഡോക്ടറെ കണ്ടു. ഓ​ഗസ്റ്റ് 28ന് കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഓഗസ്റ്റ് 29ന് ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓ​ഗസ്റ്റ് 30ന് മരണം സംഭവിക്കുകയായിരുന്നു.

മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരും ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണുള്ളത്.

പരിശോധനയ്ക്കയച്ച അഞ്ച് സാമ്പിളുകളിൽ മൂന്ന് പേരുടെ സാമ്പിളുകളാണ് നിപ പോസിറ്റീവായത്. ചികിത്സയിൽ കഴിയുന്ന രണ്ട് പേ‍‌ർക്കും മരിച്ച മം​ഗലാട് സ്വദേശിക്കുമാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരിച്ചയാളുടെ ചികിത്സയിലുള്ള 9 വയസ്സുകാരന്‍ മകനും 24 വയസ്സുള്ള ഭാര്യാ സഹോദരനുമാണ് നിലവില്‍ നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ള രണ്ട് പേർ. മരിച്ചയാളുടെ നാലുവയസുള്ള മകന്റെയും ഭാര്യാ സഹോദരന്റെ 10മാസം പ്രായമുള്ള കുഞ്ഞിന്റെയും പരിശോധനാഫലം നെഗറ്റീവാണ്. നിലവില്‍ ഏഴ് പേരാണ് ചികിത്സയിലുള്ളത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 16 കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. 75 ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. സമ്പര്‍ക്കമുള്ള മുഴുവന്‍ പേരെയും കണ്ടെത്തി ഐസോലേറ്റ് ചെയ്യും. കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സംഘം ഇന്നെത്തുമെന്ന് അറിയിച്ച മന്ത്രി മൊബൈല്‍ ലാബ് സജ്ജമാക്കുമെന്നും അറിയിച്ചു. പൂനെയില്‍ നിന്നെത്തുന്ന സംഘം വവ്വാലുകളുടെ സര്‍വേയും നടത്തും. ചെന്നൈയില്‍ നിന്ന് എപിഡമോളജിസ്റ്റുകള്‍ എത്തുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version