കണ്ണൂർ: മുഴപ്പിലങ്ങാട് കൊല്ലപ്പെട്ട നിഹാൽ നൗഷാദിനെ ആക്രമിച്ചത് നായ്ക്കൂട്ടമെന്ന് നിഗമനം. നായ്‌ക്കൾ കൂട്ടമായി ആക്രമിച്ചതിന്റെ തെളിവുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ദേഹമാസകലം നിഹാലിന് മുറിവേറ്റിട്ടുണ്ട്. ജനനേന്ദ്രിയത്തിലും വയറ്റിലും ഗുരുതര പരുക്കുണ്ടെന്നും വയറിലെയും ഇടതുകാൽ തുടയിലെ മുറിവുകളും മരണകാരണമായെന്നുമാണ് റിപ്പോർട്ടിലുള്ളത്.
നിഹാലിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ എടക്കാട് മണപ്പുറം ജുമാമസ്ജിദ്ദ് ഖബർ സ്ഥാനിൽ കബറടക്കി. മന്ത്രി വി.എൻ.വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, മേയർ ടി.ഒ.മോഹനൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. സ്ഥലത്തെത്തിയ ജനപ്രതിനിധികളോടൊക്കെ തെരുവുനായ ശല്യം പരിഹരിക്കാത്ത അധികൃതരുടെ നിസ്സംഗതയെക്കുറിച്ച് പറഞ്ഞ് മുഴപ്പിലങ്ങാട്ടെ ജനം രോഷം പ്രകടിപ്പിച്ചു. ഞായറാഴ്ചയാണ് നിഹാലിനെ തെരുവുനായ്‌ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്.