Sports
നെയ്മറും സൗദി അറേബ്യയിലേക്ക്? ഞെട്ടിക്കുന്ന ട്രാൻസ്ഫർ നടക്കാൻ സാധ്യത, കോളടിക്കുക ബാഴ്സലോണയ്ക്ക്
നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മന് (PSG) വേണ്ടി കളിക്കുന്ന ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ (Neymar Jr) ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. രണ്ടുവർഷത്തെ കരാർ കൂടി പിഎസ്ജിയിൽ നെയ്മറിന് ബാക്കിയുണ്ടെങ്കിലും ഈ സീസണിൽ അദ്ദേഹം ക്ലബ്ബ് വിടാൻ താല്പര്യപ്പെടുന്നുണ്ടെന്നാ റിപ്പോർട്ടുകൾ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിക്ക് (Chelsea) നെയ്മറിൽ താല്പര്യമുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. എന്നാൽ പരിശീലകൻ മൗറിസിയോ പൊച്ചട്ടീനോ ഈ നീക്കത്തെ ശക്തമായി എതിർത്തുവെന്നും അതിനാൽ താരത്തിന്റെ ചെൽസിയിലേക്കുള്ള കൂടുമാറ്റം സംഭവിക്കില്ലെന്നുമാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം.
നെയ്മറുടെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്കും (FC Barcelona) താരത്തെ തിരിച്ചുകൊണ്ടുവരുന്നതിൽ താല്പര്യമുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ബാഴ്സലോണയ്ക്ക് അതിന് സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. അതിനിടെയാണ് താരത്തിനായി സൗദി അറേബ്യൻ ക്ലബ്ബും രംഗത്തുണ്ടെന്ന് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.
പിഎസ്ജിയിൽ നിന്ന് നെയ്മറെ സ്വന്തമാക്കാൻ സൗദി പ്രോ ലീഗ് ക്ലബ്ബുകളിലൊന്ന് രംഗത്തുണ്ടെന്നും അദ്ദേഹത്തെ ടീമിലെത്തിച്ചതിന് ശേഷം താരത്തെ അവർ ബാഴ്സലോണയിലേക്ക് ലോണിന് അയക്കുമെന്നുമാണ് സ്പാനിഷ് മാധ്യമമായ സ്പോർട് റിപ്പോർട്ട് ചെയ്യുന്നത്. ഈ ക്ലബ്ബ് ഏതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും അൽ ഹിലാലാണ് എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. നേരത്തെ ലയണൽ മെസിയെ സ്വന്തമാക്കാൻ മോഹ ഓഫറുമായി മുന്നോട്ടുവന്ന ക്ലബ്ബാണ് അൽ ഹിലാൽ.
2025 വരെയാണ് നെയ്മറിന് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയുമായി കരാറുള്ളത്. അതുകൊണ്ടു തന്നെ താരത്തിനായി വൻ തുകയാകും ട്രാൻസ്ഫർ ഫീ ഇനത്തിൽ പിഎസ്ജി മറ്റ് ക്ലബ്ബുകളോട് ആവശ്യപ്പെടുക. ഇത് 50 മില്ല്യൺ പൗണ്ടിനും 80 മില്ല്യൺ പൗണ്ടിനും ഇടയ്ക്കുള്ള തുകയാകുമെന്നാണ് സൂചന. ഇത്ര ഭീമമായ ട്രാൻസ്ഫർ ഫീ വാങ്ങി നെയ്മറെ സ്വന്തമാക്കാൻ ബാഴ്സലോണയ്ക്ക് സാധിക്കില്ല എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് നെയ്മറുടെ കറ്റാലൻ ക്ലബ്ബിലേക്കുള്ള മടങ്ങിപ്പോക്കിന് വഴിയൊരുക്കാൻ സൗദി പ്രോ ലീഗ് ക്ലബ്ബുകളിലൊന്ന് രംഗത്തുവരാൻ പോകുന്നത്.
ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ നെയ്മർ, എഫ്സി ബാഴ്സലോണയുടെയും, പാരീസ് സെന്റ് ജെർമ്മന്റെയും ഇതിഹാസ കളിക്കാരനാണ്. എഫ്സി ബാഴ്സലോണയ്ക്കായി 186 കളികളിൽ 105 ഗോളുകളും 76 അസിസ്റ്റുകളും സ്വന്തമാക്കിയ നെയ്മർ, പിഎസ്ജി ജേഴ്സിയിൽ 118 ഗോളുകൾ നേടിയതിനൊപ്പം 77 അസിസ്റ്റുകളും സ്വന്തമാക്കി. 2010 മുതൽ ബ്രസീൽ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന നെയ്മർ ഇതുവരെ 124 കളികളിൽ 77 ഗോളുകൾ നേടിയിട്ടുണ്ട്.
അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ മാർക്കറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ് സൗദി അറേബ്യ. ക്രിസ്റ്റ്യാനോയുടെ ചുവടുപിടിച്ച് ലോക ഫുട്ബോളിലെ ഒരു പറ്റം സൂപ്പർ താരങ്ങളും സൗദിയിലെത്തി. കരിം ബെൻസേമ, സാദിയോ മാനെ, അലക്സ് ടെല്ലസ് എന്നിവർ ഇതിൽ ചിലർ മാത്രം. ഇതോടെ മുൻപെങ്ങുമില്ലാത്തവിധത്തിൽ സൗദി പ്രോ ലീഗും ശക്തമായി.
Sports
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം
ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിൽ പാകിസ്താൻ ടീമിനെതിരായ വിമർശനം ശക്തമാകുകയാണ്. പാകിസ്താൻ മുൻ വിക്കറ്റ് കീപ്പർ അതിഖ്-ഉസ്-സമാൻ ഇപ്പോഴത്തെ താരങ്ങളുടെ ആഡംബരം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അതിഖ് ഗുരുതര വിമർശനങ്ങൾ ഉയർത്തി.
താൻ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്. എന്നാൽ ഇപ്പോൾ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയിൽ പോയിരുന്നു. ഇവർക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങൾ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിച്ചു.
ഇത്തരം വലിയൊരു ടൂർണമെന്റിൽ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്? ഇത്തരമൊരു സംസ്കാരം പാകിസ്താൻ ക്രിക്കറ്റിൽ ഉണ്ടായിരിക്കുന്നു. ഭഷണം കഴിക്കാനും ഉല്ലാസയാത്രകൾക്കുമാണ് അവർ സമയം ചിലവഴിച്ചത്. ആർക്കും അച്ചടക്കം എന്തെന്ന് അറിയില്ല. രണ്ടാഴ്ച ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കാൻ ആർക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വർഷവും കോടികൾ താരങ്ങൾ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.
Sports
പോർച്ചുഗലിന്റെ ‘യുവപ്രതിഭ’; താരത്തിന് അഭിനന്ദനം
ലെപ്സിഗ്: യൂറോ കപ്പിൽ പോർച്ചുഗൽ ആദ്യ മത്സരം വിജയിച്ചു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പിന്നാലെയായിരുന്നു ക്യാമറാക്കണ്ണുകൾ. അയാൾ ഫ്രാൻസിസ്കോ കോൺസെയ്സോയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. ഇഞ്ചുറി ടൈമിൽ ഫ്രാൻസിസ്കോയുടെ ഗോളിലാണ് പറങ്കിപ്പട വിജയത്തിലേക്ക് എത്തിയത്. 21കാരനായ ആ യുവതാരത്തിന് പോർച്ചുഗൽ ഫുട്ബോളിൽ മറ്റൊരു വലിയ ബന്ധംകൂടിയുണ്ട്. പോർച്ചുഗൽ മുൻ താരം സെർജിയോ കോൺസെയ്സോയുടെ മകനാണ് ഫ്രാൻസിസ്കോ.
മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ഫ്രാൻസിസ്കോ ഏഴ് മിനിറ്റ് മാത്രമാണ് കളത്തിലുണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് അയാൾ പന്ത് ടച്ച് ചെയ്തത്. ആദ്യ ഷോട്ട് വലയിലെത്തിച്ചു. മത്സരത്തിൽ പോർച്ചുഗലിന്റെ ആക്രമണങ്ങളെ ചെക്ക് റിപ്പബ്ലിക്ക് ഫലപ്രദമായി തടഞ്ഞിരുന്നു. എന്നാൽ ഫ്രാൻസിസ്കോ കളത്തിലിറങ്ങിയതോടെ മത്സരം പോർച്ചുഗൽ സ്വന്തമാക്കി.
മത്സരത്തിലെ വിജയശില്പിയെ അഭിനന്ദിക്കാൻ റോബർട്ടോ മാർട്ടിനെസും മറന്നില്ല. യുവപ്രതിഭ എന്നാണ് താരത്തെ പോർച്ചുഗീസ് പരിശീലകൻ വിശേഷിപ്പിച്ചത്. ടീമിനെ സഹായിക്കാൻ താൻ തയ്യാറെന്ന് ഫ്രാൻസിസ്കോ തെളിയിച്ചു. അയാൾ പക്വതയാർന്ന ഒരു താരമാണ്. ഏതാനും മാസങ്ങളായി ക്ലബിനും ടീമിനുമായി അയാൾ കഷ്ടപ്പെടുകയായിരുന്നുവെന്നും മാർട്ടിനെസ് വ്യക്തമാക്കി.
Sports
സ്വയം തെളിയിച്ച് ‘ടർക്കിഷ് മെസ്സി’; യൂറോ കടുപ്പമാക്കിയ യുവതാരം
യൂറോ കപ്പിലെ ഏറ്റവും ആവേശം ഉണർത്തിയ മത്സരം. തുർക്കിക്ക് എതിരാളികൾ ജോർജിയ. ഇതാദ്യമായി ജോർജിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പിനെത്തി. ആദ്യ മിനിറ്റുകൾ തുർക്കിയുടെ ആധിപത്യം. 25-ാം മിനിറ്റിൽ മെർട്ട് മൾഡർ വലകുലുക്കി. അതോടെ ജോർജിയ ഉണർന്നു. ഏഴ് മിനിറ്റിൽ തിരിച്ചടിച്ചു. യുറോ കപ്പ് ചരിത്രത്തിലെ ജോർജിയയുടെ ആദ്യ ഗോൾ. പിന്നെ കണ്ടത് ഇരുടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം. 96-ാം മിനിറ്റിൽ ജോർജിയയുടെ തോൽവി ഉറപ്പിച്ച മൂന്നാം ഗോൾ പിറന്നു. അതുവരെ മത്സരം കണ്ടിരുന്നവർ ശ്വാസം അടക്കിപിടിച്ചിരുന്നു. ജോർജിയയുടെ പോരാട്ടം ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കീഴടക്കി. തുർക്കിക്ക് ആത്മവിശ്വാസം നൽകിയ വിജയം. അതിൽ നിർണായകമായത് ഒരു യുവതാരത്തിന്റെ ഗോളാണ്. 65-ാം മിനിറ്റിൽ വലകുലക്കുമ്പോൾ റെക്കോർഡ് ബുക്കുകൾ തിരുത്തപ്പെട്ടു.
യൂറോ കപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം. തുർക്കിയുടെ യുവ അറ്റാക്കിങ് മിഡ്ഫീൽഡർ ആർദ ഗുലെർ. കാൻ അഹ്യാൻ നൽകിയ പാസ്. പന്തുമായി ജോർജിയൻ പോസ്റ്റിലേക്ക് ഗുലെർ നീങ്ങി. 25 വാര അകലെ നിന്ന് ഇടം കാൽ ഷോട്ട്. പ്രതിരോധ കോട്ടകൾ തകർത്തെറിഞ്ഞ് വലയിലേക്ക്. 19 വർഷവും 114 ദിവസവും മാത്രം പ്രായം. ടർക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡുകാരൻ. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 20 വർഷം മുമ്പ് കുറിച്ച റെക്കോർഡ് തകർക്കപ്പെട്ടു. 1964ൽ യൂറോ അരങ്ങേറ്റത്തിൽ ഗോൾ നേടിയ ഹംഗറിയുടെ ഫെറെങ്ക് ബെനെ ഇനി റെക്കോർഡ് ബുക്കിൽ മൂന്നാമൻ.
കഴിഞ്ഞ ജൂലൈയിൽ ആർദ ഗുലെർ റയലിലെത്തി. പക്ഷേ പരിക്ക് വില്ലനായി. കളിക്കാൻ കഴിഞ്ഞത് അഞ്ച് മത്സരങ്ങൾ. അതിൽ നേടിയത് അഞ്ച് ഗോളുകൾ. റയൽ ആദ്യം ലാ ലീഗ സ്വന്തമാക്കി. പിന്നെ ചാമ്പ്യൻസ് ലീഗും. ആദ്യമായി ഒരു തുർക്കി താരം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടു. ഇപ്പോഴിതാ ലോകഫുട്ബോൾ മനസിലാക്കുന്നു, തുർക്കിയിൽ നിന്നും ഒരു യുവതാരം ഉയരുന്നുണ്ട്. എംബാപ്പെ പറഞ്ഞതുപോലെ യൂറോകപ്പ് ബുദ്ധിമുട്ട് തന്നെയാണ്. അതിന് കാരണം ഗുലെറെപ്പോലെയുള്ള യുവപ്രതിഭകൾ തന്നെ.
-
World3 years ago
കപ്പലിൽ 15 ഇന്ത്യക്കാർ; തട്ടിക്കൊണ്ടുപോകൽ സൊമാലിയൻ തീരത്ത്, പിന്നാലെ കുതിച്ച് ഇന്ത്യൻ നാവികസേന
-
Gulf2 years ago
സൗദിയില്‍ നിന്ന് കടലിനടിയിലൂടെ വൈദ്യുതി; സാങ്കേതിക പഠനം തുടങ്ങി ഇന്ത്യ
-
Gulf2 years ago
ഓവർസ്റ്റേ സംബന്ധിച്ച സോഷ്യൽ മീഡിയ വാർത്തകൾ തെറ്റ് : ജിഡിആർഎഫ്എ- ദുബായ് — ദുബായിലെ വിസ സംബന്ധമായ അന്വേഷണങ്ങൾക്ക് 8005111 നമ്പറിൽ വിളിക്കാം
-
Top News3 years ago
ഏപ്രിൽ മുതൽ എയർ ഇന്ത്യക്ക് ഏഴ് പുതിയ റൂട്ടുകൾ, അറിയേണ്ടതെല്ലാം
-
Gulf2 years ago
ഒമാനില്‍ ജനങ്ങള്‍ കൈകോര്‍ത്ത് മലകള്‍ക്കിടയിലൂടെ റോഡ് നിര്‍മിച്ചു; 450 കിലോമീറ്റര്‍ യാത്ര 10 കിലോമീറ്ററായി കുറഞ്ഞു
-
Gulf2 years ago
ദുബായിലെ ബസപകടം; നഷ്ടപരിഹാരതുക ലഭിക്കില്ലെന്ന് പറഞ്ഞു നിയമസ്ഥാപനങ്ങൾ ഒഴിവാക്കിയ കേസിൽ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടൽ ഫലം കണ്ടു. കോടതി ചിലവ് ഉൾപ്പെടെ 47 ലക്ഷം ഇന്ത്യൻ രൂപ (രണ്ടുലക്ഷത്തി ആറായിരം ദിർഹംസ് ) തുക നൽകാൻ ഉത്തരവ്
-
Business2 years ago
മിഡിൽ ഈസ്റ്റിൽ ചികിത്സാ ചെലവുകൾ കുറയ്ക്കാം; ആശുപത്രി വാസം ഒഴിവാക്കാൻ ആകും, ഒരു പുതു സംരംഭം
-
Tech2 years ago
ആ ‘ശല്യം’ ഇനി ഇന്‍സ്റ്റഗ്രാമിലും; പുതിയ നീക്കവുമായി മെറ്റ
