Saudi Arabia

നെയ്മാറിന് സൗദിയിൽ 25 മുറിയുള്ള വീട്, മൂന്ന് ആഡംബരക്കാറുകൾ; എല്ലാ ചെലവും ക്ലബ് നോക്കും

Published

on

റിയാദ്: കോടികൾ വാരിയെറിഞ്ഞ് രണ്ട് വർഷത്തെ കരാറിലാണ് ബ്രസീൽ സൂപ്പർ താരം നെയ്മാറിനെ സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാൽ ടീമിലെത്തിച്ചത്. കഴിഞ്ഞ ദിവസം സൗദിയിൽ വിമാനമിറങ്ങിയ നെയ്മാർ ടീമിനൊപ്പം ചേരാനുള്ള ഒരുക്കത്തിലാണ്. വൻ തുക ലഭിക്കുന്നതിനു പുറമേ ആവശ്യങ്ങളുടെ വലിയൊരു ലിസ്റ്റും നെയ്മാർ അൽ ഹിലാൽ ക്ലബ്ബിനു മുന്നിൽ വച്ചിട്ടുണ്ട്. അതെല്ലാം രണ്ടാമതൊന്നാലോചിക്കാതെ അൽ ഹിലാൽ സ്വീകരിക്കുമെന്നും ഉറപ്പാണ്.

സ്വന്തം ആവശ്യങ്ങൾക്കു മാത്രമായി മൂന്ന് ആഡംബരക്കാറുകളാണ് നെയ്മാർ ആവശ്യപ്പെട്ടിരിക്കുന്നത്. സൂപ്പർ താരത്തിന്റെ അനുചര സംഘത്തിനായി നാല് മെഴ്സിഡസ് ജി വാഗൺ വാഹനങ്ങൾ വേണം. ഇതിനു പുറമേ ഒരു മെഴ്സിഡസ് വാനും ഡ്രൈവറെയും ക്ലബ് നൽകേണ്ടിവരും. തനിക്കും കുടുംബാംഗങ്ങൾക്കും യാത്രാ ആവശ്യങ്ങൾക്കായി 24 മണിക്കൂറും താമസസ്ഥലത്ത് ഡ്രൈവർമാരുടെ സേവനം വേണ്ടിവരുമെന്ന് നെയ്മാർ ആവശ്യപ്പെട്ടിട്ടുണ്ട്. താമസിക്കുന്ന വീട്ടിൽ മൂന്ന് സൗന (സ്റ്റീം ബാത്ത് സംവിധാനം) വേണം. നെയ്മാറുടെ സ്വന്തം പാചകക്കാരനെ സഹായിക്കുന്നതിനായി മറ്റൊരു പാചകക്കാരനും വീട്ടിലുണ്ടാകും.

തന്റെ ഹോട്ടൽ മുറി, റസ്റ്റോറന്റ്, യാത്രാ ചെലവുകളെല്ലാം അൽ ഹിലാൽ ക്ലബ്ബ് വഹിക്കണമെന്നതാണു നെയ്മാറുടെ മറ്റൊരു ഡിമാൻഡ്. രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം 25 മുറികളുള്ള വീട്ടിലാണ് സൗദി അറേബ്യയിൽ നെയ്മാർ താമസിക്കുന്നത്. വീട്ടിൽ തന്നെ വലിയൊരു സ്വിമ്മിങ് പൂളും നെയ്മാറിനായി ഒരുക്കിയിട്ടുണ്ട്. 16 കോടി യൂറോയാണ് (ഏകദേശം 1450 കോടി രൂപ) മുപ്പത്തിയൊന്നുകാരൻ നെയ്മാറിനു അൽ ഹിലാലിൽനിന്നു പ്രതിഫലമായി ലഭിക്കുക.

ട്രാൻസ്ഫർ ഫീ ആയി പിഎസ്ജിക്ക് 9 കോടി യൂറോയും (ഏകദേശം 816 കോടി രൂപ) ലഭിക്കും. ടീമിലെ 10-ാം നമ്പർ ജഴ്സിയാണ് നെയ്മാറിനു നൽകുക. പുതിയ സീസൺ സൗദി പ്രൊ ലീഗിന് വെള്ളിയാഴ്ച തുടക്കമായിക്കഴിഞ്ഞു. ശനിയാഴ്ച അൽ ഫൈഹയുമായാണ് പോർച്ചുഗീസുകാരൻ ഹോർഹെ ജിസ്യൂസ് പരിശീലിപ്പിക്കുന്ന അൽ ഹിലാലിന്റെ രണ്ടാം മത്സരം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version