ഫ്ലോറിഡ: മേജർ ലീഗ് സോക്കറിന്റെ പുതിയ സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. എം എൽ എസിന്റെ 29-ാം പതിപ്പാണിത്. ഒരു പക്ഷേ ഇതാദ്യമായാവും എം എൽ എസിന്റെ തുടക്കത്തിനായി ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. ലീഗിലെ ആദ്യ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമി റയൽ സാൾട്ട് ലേക്കിനെ നേരിടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ 6.30നാണ് മത്സരം നടക്കുക.
കഴിഞ്ഞ സീസണിന്റെ പകുതിയോടെയാണ് മെസ്സി പി എസ് ജി വിട്ട് ഇന്റർ മയാമിയിൽ എത്തിയത്. അന്ന് ലീഗിൽ 15-ാം സ്ഥാനത്തായിരുന്നു ഇന്റർ മയാമി. ലീഗ്സ് കപ്പിൽ മെസ്സിയും സംഘവും മുത്തമിട്ടെങ്കിലും എം എൽ എസിൽ മുന്നേറ്റം സാധ്യമായില്ല. മെസ്സിക്ക് പരിക്കേറ്റതും ക്ലബിന് തിരിച്ചടിയായി.
പുതിയ സീസണിലെത്തുമ്പോൾ അർജന്റീനൻ ഇതിഹാസത്തിന് മുന്നിൽ രണ്ട് ദൗത്യങ്ങളാണുള്ളത്. മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ മുന്നേറ്റം ഉറപ്പാക്കുക. കോപ്പ അമേരിക്ക ഉൾപ്പടെയുള്ള ടൂർണമെന്റിന് തയ്യാറെടുക്കുക. മെസ്സി, ലൂയിസ് സുവാരസ്, സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ തുടങ്ങിയ മിനി ബാഴ്സലോണയ്ക്ക് മുന്നേറ്റത്തിന് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.