Tech

പുത്തൻ ഐഫോണുകൾ ഇന്നെത്തും; ഐഫോൺ 15 സീരീസ് ലോഞ്ച് ഇവന്റ് ഇന്ന് രാത്രി

Published

on

ആപ്പിളിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ലോഞ്ച് ഇവന്റായ വണ്ടർലസ്റ്റ് ഇന്ന് നടക്കും. ആപ്പിൾ ഐഫോൺ 15 സീരീസ് (iPhone 15 Series), ആപ്പിൾ വാച്ച് 9 തുടങ്ങിയ മുൻനിര ഉത്പന്നങ്ങൾ ഈ ഇവന്റിൽ വച്ച് ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് നാല് ഐഫോണുകളും മറ്റ് കുറച്ച് ഗാഡ്‌ജെറ്റുകളും ഇവന്റിൽ വച്ച് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. പുതിയ ഐഫോണുകൾക്ക് ക്യാമറ, പ്രോസസർ തുടങ്ങിയ പല കാര്യങ്ങളിലും വലിയ അപ്ഡേറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് ഇന്ത്യൻ സമയം രാത്രി 10:30 മണിക്കാണ് ആപ്പിളിന്റെ ലോഞ്ച് ഇവന്റ് നടക്കുന്നത്. ഈ “വണ്ടർലസ്റ്റ്” ഇവന്റിൽ വച്ച് ആപ്പിൾ പുതിയ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യും. ഇവന്റ് കാണാൻ താൽപ്പര്യമുള്ള ആളുകൾക്ക് ലൈവ് സ്ട്രീം ചെയ്യാൻ ആപ്പിളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ സന്ദർശിക്കാവുന്നതാണ്. ഐഫോൺ പ്രേമികളുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഐഫോൺ 15 സീരീസുമായി ബന്ധപ്പെട്ട് പുറത്ത് വന്നിട്ടുള്ളത്. വലിയ അപ്ഗ്രേഡുകളായിരിക്കും പുതിയ തലമുറ ഐഫോണുകളിൽ ഉണ്ടാവുക.

ഐഫോൺ 15 സീരീസിൽ മുൻതലമുറ മോഡലിലുള്ള അതേ ഡിസൈൻ തന്നെ നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറിയ മാറ്റങ്ങൾ ഈ ഡിസൈനിൽ വരുത്താനും സാധ്യതയുണ്ട്. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 15 പ്രോ മോഡലുകളുടെ വില വലിയ മാർജിനിൽ വർധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്. സ്റ്റാൻഡേർഡ്, പ്ലസ് പതിപ്പുകൾ പഴയ വിലയിൽ ലഭ്യമായേക്കാമെങ്കിലും പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് വില വർധിക്കും. ഫീച്ചറുകൾ വർധിപ്പിക്കുന്നതിനാലായിരിക്കും വിലയും വർധിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചനകൾ.

പുതിയ ഐഫോൺ ലൈനപ്പിൽ ഉടനീളം പുതുക്കലുകൾ കൊണ്ടുവരുമെന്ന് ഉറപ്പാണ്. എല്ലാ മോഡലുകളും യുഎസ്ബി-സി ചാർജിങ് പോർട്ടായിരിക്കും നൽകുന്നത്. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയ്ക്ക് ഏറ്റവും പുതിയ A17 ബയോണിക് ചിപ്പായിരിക്കും കരുത്ത് നൽകുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡുകൾക്ക് കഴിഞ്ഞ വർഷം പ്രോ മോഡലുകളിൽ ഉപയോഗിച്ച A16 ചിപ്പ്സെറ്റും കരുത്ത് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ മോഡലുകളിലും നേർത്ത ബെസലുകളുള്ള വലിയ സ്ക്രീനുകളും ഉണ്ടായിരിക്കും.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയിൽ കമ്പനി “ഡൈനാമിക് ഐലൻഡ്” ഫീച്ചർ നൽകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഐഫോൺ 15 പ്രോയ്ക്കും ഐഫോൺ 15 പ്രോ മാക്‌സിനും മികച്ച ടൈറ്റാനിയം ഫിനിഷും നൽകിയേക്കും. ഐഫോൺ 15 പ്രോ മാക്‌സിൽ ഒരു പെരിസ്‌കോപ്പ് ലെൻസ് കൂടി ചേർക്കുമെന്നും സൂചനകളുണ്ട്. ഇത് ഫോട്ടോഗ്രാഫി കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും. മികച്ച രീതിയിൽ സൂം ചെയ്യാൻ സാധിക്കുന്ന ക്യാമറയായിരിക്കും ഇത്. മ്യൂട്ട് സ്വിച്ച് ബട്ടണിന്റെ സ്ഥാനത്ത് പ്രോ മോഡലുകളിൽ ഒരു പുതിയ ആക്ഷൻ ബട്ടണും നൽകിയേക്കും.

ഐഫോൺ 15 ലോഞ്ച് ഇവന്റിൽ പുറത്തിറങ്ങാൻ പോകുന്ന മറ്റൊരു പ്രധാന ഡിവൈസ് ആപ്പിൾ വാച്ച് സീരീസ് 9ന്റെ പുതിയ സെറ്റാണ്. നിലവിലെ സീരീസ് 8ന്റെ പിൻഗാമിയായിട്ടായിരിക്കും പുതിയ വാച്ച് വരുന്നത്. ആപ്പിൾ വാച്ച് അൾട്രയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പും ഇന്ന് നടക്കുന്ന ഇവന്റിൽ വച്ച് പുറത്തിറങ്ങിയേക്കും. ഈ ഡിവൈസിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ എസ്9 പ്രോസസറിലേക്കുള്ള അപ്‌ഗ്രേഡ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഉണ്ടായിരിക്കും. പുതിയ തലമുറ എയർപോഡ്‌സ് പ്രോയിൽ ആപ്പിൾ യുഎസ്ബി-സി ചാർജിംഗ് കേസും അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version