ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ വടക്ക് ഭാഗത്തുള്ള അല്‍ ഹദീബ ഫീല്‍ഡില്‍ വലിയ അളവില്‍ പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ ഗവണ്‍മെന്റ് സ്ഥാപനമായ ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ (എസ്പിസി) പ്രഖ്യാപിച്ചു. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം സാധ്യമാവുന്ന രീതിയില്‍ സാമ്പത്തികമായി വലിയ നേട്ടമാവും ഈ കണ്ടെത്തലെന്നാണ് കണക്കാക്കപ്പെടുന്നത്.
ഷാര്‍ജ നാഷണല്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ നടത്തിയ ഖനനത്തിലാണ് പുതിയ ഗ്യാസ് ഫീല്‍ഡ് കണ്ടെത്തിയത്. വാതക ശേഖരം കൂടുതല്‍ വികസിപ്പിക്കുന്നതിന് മുന്നോടിയായി ഇതിന്റെ അളവും സാധ്യതയുള്ള വാതക ശേഖരത്തിന്റെ വ്യാപ്തിയും കണ്ടെത്തുന്നതിനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അല്‍ സജാ, കഹീഫ്, മഹാനി, മുയയ്ദ് (വാതക സംഭരണ ഫീല്‍ഡ്) എന്നീ വാതക പാടങ്ങള്‍ക്ക് പുറമെ ഷാര്‍ജയിലെ അഞ്ചാമത്തെ ഗ്യാസ് ഫീല്‍ഡാണ് പുതുതായി കണ്ടെത്തിയ അല്‍ ഹദീബ. പുതിയ കണ്ടെത്തല്‍ ഷാര്‍ജയുടെയും യുഎഇയുടെയും സാമ്പത്തിക വളര്‍ച്ചയ്ക്ക് കുതിപ്പേകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.