ജിദ്ദ: പ്രവാസലോകത്തെ ഏറ്റവും വലിയ സംഘടനയായ കെഎംസിസിയുടെ ഏറ്റവും വലിയ ഘടകമായി അറിയപ്പെടുന്ന ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ കമ്മറ്റി നിലവില്‍ വന്നു. അബൂബക്കര്‍ അരിമ്പ്രയാണ് പ്രസിഡന്റ്. വി പി മുസ്തഫയെ ജനറല്‍ സെക്രട്ടറിയായും വി പി അബ്ദുറഹ്മാനെ ട്രഷററായും തിരഞ്ഞെടുത്തു.
ജിദ്ദയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ കല്ലായി മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് പാളയാടിന്റെ അധ്യക്ഷതയിലാണ് കൗണ്‍സില്‍ ചേര്‍ന്നത്.
ജിദ്ദയിലെ മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ അംഗത്വമെടുത്ത ഇരുപതിനായിരത്തോളം വരുന്ന ആക്ടീവ് മെമ്പര്‍മാരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 350 കൗണ്‍സിലര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി നിയോഗിച്ച റിട്ടേണിങ് ഓഫീസര്‍ സിപി മുസ്തഫ (റിയാദ് കെഎംസിസി പ്രസിഡന്റ്) യും നിരീക്ഷകന്‍ കുഞ്ഞിമോന്‍ കാക്കിയ (മക്ക കെഎംസിസി പ്രസിഡന്റ്), മുജീബ് ഉപ്പട എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
വൈസ്പ്രസിഡന്റുമാരായി സികെ റസാക്ക് മാസ്റ്റര്‍, എകെ മുഹമ്മദ് ബാവ, ഹസന്‍ ബത്തേരി, ലത്തീഫ് മുസ്‌ല്യാരങ്ങാടി, ജലാല്‍ തേഞ്ഞിപ്പലം, ലത്തീഫ് വെള്ളമുണ്ട, അഷ്‌റഫ് താഴെക്കോട് എന്നിവരെയും സെക്രട്ടറിമാരായി ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, ഷിഹാബ് താമരക്കുളം, സാബില്‍ മമ്പാട്, സുബൈര്‍ വട്ടോളി, സക്കീര്‍ മണ്ണാര്‍ക്കാട്, സിറാജ് കണ്ണവം എന്നിവരെയും തിരഞ്ഞെടുത്തു. ഇസ്മായില്‍ മുണ്ടക്കുളം ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അഡ്‌വൈസറി ചെയര്‍മാനാണ്.
രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ ശ്രദ്ധേമമായ നേട്ടം കൈവരിച്ച ജിദ്ദ കെഎംസിസിക്ക് കീഴില്‍ 61 ഏരിയ കമ്മിറ്റികളും ഇരുനൂറോളം പഞ്ചായത്ത് കമ്മിറ്റികളും നിരവധി മണ്ഡലം ജില്ല കമ്മിറ്റികളും വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന ഒട്ടേറെ ഉപസമിതികളുമുണ്ട്. കഴിഞ്ഞയാഴ്ച ചേര്‍ന്ന മുന്‍ കമ്മിറ്റിയുടെ സമാപന കൗണ്‍സില്‍ യോഗത്തില്‍ 12 കോടി രൂപയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു.