തിരുവനന്തപുരം: ദിലീപ് നായകനായ ചിത്രം ‘ബാന്ദ്ര’യ്ക്ക് നെഗറ്റീവ് റിവ്യൂ നല്കിയ യൂട്യൂബർമാർക്കെതിരെ നിർമ്മാതാക്കൾ. അശ്വന്ത് കോക്ക്, ഷാസ് മുഹമ്മദ്, അര്‍ജുന്‍ അടക്കം ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെയാണ് നിർമ്മാതാക്കൾ കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നത്. തിരുവനന്തപുരം ജെഎഫ്എം കോടതി അഞ്ചിലാണ് പരാതി നല്‍കിയത്.
സിനിമ റിലീസ് ചെയ്ത ഉടന്‍ നെഗറ്റീവ് റിവ്യൂ നല്‍കിയെന്നാണ് പരാതി. നെഗറ്റീവ് റിവ്യു കാരണം കോടികളുടെ നഷ്ടം സംഭവിച്ചുവെന്ന് നിര്‍മ്മാതാവ് അജിത് വിനായക പരാതിയിൽ പറയുന്നു. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.
അരുണ്‍ ഗോപിയാണ് ബാന്ദ്രയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. തമന്നയാണ് നായിക വേഷത്തിലെത്തിയത്. സിനിമ പ്രഖ്യാപനം മുതൽ പ്രമോഷൻ വരെ വലിയ ഹൈപ്പ് നിലനിർത്തിയ ചിത്രത്തിന് പക്ഷേ തിയേറ്ററിൽ വേണ്ട വിധത്തിൽ സ്വീകാര്യത നേടാൻ സാധിച്ചില്ല എന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.