Entertainment

‘സംഗീത പ്രേമികളുടെ സ്വന്തം ഇസൈ പുയൽ’; ഇന്ത്യൻ സിനിമയുടെ ഒരേയൊരു എ ആർ റഹ്മാന് 57-ാം പിറന്നാൾ

Published

on

സംഗീത മാന്ത്രികൻ എ ആർ റഹ്മാന് ഇന്ന് 57-ാം പിറന്നാൾ. മൂന്ന് പതിറ്റാണ്ടിലേറെയായി സംഗീത ലോകത്ത് എ ആർ റഹ്മാന് പകരം വെക്കാൻ മറ്റൊരാളില്ല. റഹ്മാന് ആശംസകൾ നേരുകയാണ് സിനിമാ ലോകവും ആരാധകരും. തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത മാന്ത്രികൻ, എ ആർ റഹ്മാൻ എന്ന അതുല്യ പ്രതിഭയുടെ സംഗീതം ആസ്വദിക്കാത്തവരായിട്ട് ആരുമുണ്ടാകില്ല.

പ്രശസ്ത സംഗീത സംവിധായകൻ ആർ കെ ശേഖറിന്റെ മകനായ റഹ്മാന് 25-ാം വയസ്സിലാണ് സംഗീത സംവിധാന രംഗത്തേക്ക് കടക്കുന്നത്. റോജ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‌കാരം നേടി. മിന്മിനി ആലപിച്ച, ഈ ചിത്രത്തിലെ ‘ചിന്ന ചിന്ന ആസൈ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റോജയ്ക്കു ശേഷം ആ സിനിമയുടെ ഛായാഗ്രാഹകനായിരുന്ന സന്തോഷ് ശിവൻ മുഖാന്തരം അദ്ദേഹത്തിന്റെ സഹോദരനായ സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ എന്ന മലയാള സിനിമയ്ക്ക് വേണ്ടി റഹ്മാൻ ഗാനങ്ങൾ ചിട്ടപ്പെടുത്തി.

തുടർന്ന് മണിരത്നം സംവിധാനം ചെയ്ത ബോംബെ, പ്രഭുദേവ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കാതലൻ, തിരുടാ തിരുടാ, ശങ്കർ ആദ്യമായി സംവിധാനം ചെയ്ത ജെന്റിൽമാൻ എന്നീ സിനിമകൾക്ക് റഹ്മാൻ സംഗീതമൊരുക്കി. കപ്പിൾസ് റിട്രീറ്റ് എന്ന കോമഡി ചിത്രത്തിന് വേണ്ടിയുള്ള സ്കോർ ചെയ്തുകൊണ്ടാണ് ഹോളിവുഡിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിന് മികച്ച സ്കോറിനുള്ള ബ്രോഡ്കാസ്റ്റ് മ്യൂസിക് പുരസ്‌കാരവും അദ്ദേഹം നേടി.

2008-ൽ സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലൂടെ റഹ്‌മാൻ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും രണ്ട് ഓസ്കർ പുരസ്കാരങ്ങളും ഇന്ത്യയിലേക്ക് എത്തിച്ചു. കൂടാതെ ഇതേ വർഷം ജോധാ അക്ബറിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള ഐഫ ചലച്ചിത്ര പുരസ്കാരവും റഹ്‌മാന് ലഭിച്ചു.

ആഗോള സംഗീതത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് 2006ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അദ്ദേഹത്തെ ആദരിച്ചിരുന്നു. 2009ൽ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയില്‍ അദ്ദേഹത്തെ ഉൾപ്പെടുത്തി. 2010-ൽ, ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് രാജ്യത്തെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു.

തലമുറകളെ ത്രസിപ്പിക്കുന്ന എ ആ. റഹ്മാന്റെ സംഗീത വിരുന്നുകൾക്കായി ഇനിയും ലോകം കാതോർത്തിരിക്കുകയാണ്. സംഗീതത്താൽ മായാജാലം തീർക്കുന്ന എ ആർ റഹ്മാന് റിപ്പോർട്ടർ ടിവിയുടെ പിറന്നാൾ ആശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version