Gulf

ഷാർജയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

Published

on

ഷാർജ: ഷാർജയിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ഇന്ത്യക്കാരനായ യുവാവ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു. ഷാർജയിലെ അൽ ബുഹൈറയിലാണ് സംഭവം. നാലു വയസ്സുള്ള ആൺകുട്ടി, എട്ടു വയസ്സുള്ള പെൺകുട്ടി എന്നിവരെയും ഭാര്യയെയുമാണ് കൊലപ്പെടുത്തിയത്. അതിനു ശേഷം അൽ ബുഹൈറയിലെ 11–ാം നിലയിലെ കെട്ടിടത്തിൽ നിന്നും ഇയാൾ ചാടി മരിക്കുകയായിരുന്നു. മരണങ്ങൾ ഷാർജ പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ, എന്തിനാണ് യുവാവ് ഈ കൃത്യം ചെയ്തതെന്ന കാര്യം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ചൊവ്വാഴ്ച വൈകിട്ട് 5.30ന് ഫോൺ കോൾ വന്നതിനെ തുടർന്ന് പൊലീസും മെഡിക്കൽ സംഘവും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ആത്മഹത്യ ചെയ്ത യുവാവിന്റെ പക്കൽ നിന്നും പൊലീസ് ഒരു കുറിപ്പ് കണ്ടെടുത്തു. അധികൃതരോടുള്ള അറിയിപ്പായിരുന്നു അത്. ഭാര്യയെയും രണ്ടു മക്കളെയും താൻ കൊലപ്പെടുത്തിയെന്നും അവരുടെ മൃതദേഹം മുകളിൽ നിന്നും താഴെ എത്തിക്കണമെന്നുമായിരുന്നു കുറിപ്പിൽ. തുടർന്ന് പൊലീസ് പരിശോധന നടത്തിയപ്പോൾ മൃതദേഹങ്ങൾ ലഭിച്ചു.

എല്ലാവരുടെയും മൃതദേഹം ആശുപത്രിയിലേക്കും ഫൊറൻസിക് പരിശോധനയ്ക്കും തുടർ നടപടികൾക്കുമായി മാറ്റുകയും ചെയ്തു. ആറു മാസം മുൻപാണ് കുടുംബം ഇവിടെ താമസമാക്കിയതെന്നു അയൽക്കാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version