മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റിന് ഏറെ വ്യത്യാസമുണ്ട്. എന്നാൽ ഐപിഎൽ ടീമുകളും ഇന്ത്യൻ ക്രിക്കറ്റിന്റെ വാർത്തകളും വിവരങ്ങളും പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ മുംബൈ ഇന്ത്യൻസ് പങ്കുവെച്ച ഒരു പോസ്റ്ററിന് പക്ഷേ ആരാധകരുടെ കടുത്ത വിമർശനം നേരിടുകയാണ്.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കി കെ എൽ രാഹുലിനെയും ജസ്പ്രീത് ബുംറയെയും ശ്രേയസ് അയ്യരിനെയും മുംബൈ ഇന്ത്യൻസ് പോസ്റ്ററിൽ ചിത്രീകരിച്ചു. ഐപിഎൽ നായക സ്ഥാനത്ത് നിന്നും മുംബൈ രോഹിതിനെ ഒഴിവാക്കിയിരുന്നു. പിന്നാലെ ശക്തമായ ആരാധകരോഷം മുംബൈ ഇന്ത്യൻസ് നേരിട്ടിരുന്നു.
പുതിയ പോസ്റ്റർ വിവാദത്തിലും സമാന പ്രതികരണമാണ് മുംബൈ നേരിടുന്നത്. രോഹിതിനോട് മുംബൈയ്ക്ക് വെറുപ്പെന്ന് ഒരാൾ പറഞ്ഞു. എല്ലാവരും മുംബൈ ഇന്ത്യൻസിനെ അൺഫോളോ ചെയ്യണമെന്ന് മറ്റൊരു ആരാധകൻ പ്രതികരിച്ചു. മുംബൈയ്ക്കായി കരിയർ ഒഴിഞ്ഞുവെച്ച താരമാണ് രോഹിതെന്നും ആരാധക പ്രതികരണം ഉണ്ടായി.
ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം പതിപ്പ് മാർച്ച് 22നാണ് തുടങ്ങുന്നത്. സീസണിൽ രോഹിത് ആരാധകർ മുംബൈയെ പിന്തുണയ്ക്കുമോയെന്ന് കാത്തിരുന്ന് അറിയാം.