Gulf

പള്ളികളും പരിസരവും കച്ചവടത്തിനും പരസ്യത്തിനുമായി ഉപയോഗിക്കരുത്: കുവൈറ്റ് മന്ത്രാലയം

Published

on

കുവൈറ്റ് സിറ്റി: രാജ്യത്തെ പള്ളികളും അതിന്റെ പരിസരങ്ങളും കച്ചവടത്തിനും സ്ഥാപനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും പരസ്യത്തിനുമായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് കുവൈറ്റ് എന്‍ഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ മതവിധി അഥവാ ഫത്‌വ. മസ്ജിദുകളും അവയുടെ പരിസരങ്ങളും ഇത്തരം ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചതല്ലെന്നും അവയുടെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഔഖാഫ് മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പള്ളികള്‍ കേന്ദ്രീകരിച്ച് ഇത്തരം നിഷേധാത്മക പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതായി ചൂണ്ടിക്കാണിച്ച് ഒരു വ്യക്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അതിന് മറുപടിയെന്ന രീതിയിലാണ് അതോറിറ്റി കഴിഞ്ഞ ദിവസം ഫത്വ പുറപ്പെടുവിച്ചത്.

ഇത്തരം സൗജന്യ സേവനങ്ങള്‍ നല്‍കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ അതിന്റെ ഉല്‍പ്പന്നങ്ങള്‍ വ്യക്തമാക്കുന്ന സൈന്‍ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് സാധാരണ സംഭവമാണ്. അതോടൊപ്പം ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഡോക്യുമെന്ററി ഫോട്ടോഗ്രാഫുകളും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ അറിയിപ്പുകളും ഇവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങള്‍ പള്ളിക്കകത്തോ നടുമുറ്റം ഉള്‍പ്പെടെ പുറം ഭാഗത്തോ ആണ് നടക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് ചട്ടമെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഒരു വ്യക്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ചോദ്യം. ഇതില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കുന്ന കച്ചവട സ്ഥാപനങ്ങളാണെന്നതും അവ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചാരിറ്റി സംഘനകളല്ലെന്നതും പരിഗണിച്ചാല്‍ മസ്ജിദിലെ ഈ സൗജന്യ സഹായ വിതരണങ്ങള്‍ സ്ഥാപനങ്ങളുടെ പരസ്യത്തിന്റെയും പ്രൊമോഷന്റെയും ഭാഗമായാണോ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന പരിശോധന അനിവാര്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതോ, ഈ ചാരിറ്റി, ഡൊണേഷന്‍ ഡ്രൈവുകള്‍ നടത്തുന്നത് ബിസിനസ്സ് ഉടമകളാണോ എന്നും ഇദ്ദേഹം ചോദിക്കുകയുണ്ടായി.

ഇതിന്റെ പശ്ചാത്തലത്തിലാണ് പള്ളികളും പരിസരങ്ങളും കടച്ചവടം, പരസ്യം പോലെയുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന രീതിയില്‍ ഔഖാഫ് മന്ത്രാലയം പ്രസ്താവന ഇറക്കിയത്. അതേസമയം, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിലക്കില്ലെന്ന രീതിയിലാണ് മന്ത്രാലയത്തിന്റെ മറുപടി. കുവൈറ്റ് പള്ളികളിലും പുറത്തും യാചനയും നിയമവിരുദ്ധമായ പണപ്പിരിവുകളും പാടില്ലെന്ന് അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version