Gulf

കുവൈറ്റില്‍ ആയിരത്തിലധികം പ്രവാസികളെ ഉടന്‍ നാടുകടത്തും

Published

on

കുവൈറ്റ് സിറ്റി: വിവിധ നിയമങ്ങള്‍ ലംഘിച്ചതിന് ആയിരത്തിലധികം പ്രവാസികളെ ഉടന്‍ നാടുകടത്താനൊരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പുതുവര്‍ഷത്തിന്റെ ആദ്യ അഞ്ച് ദിവസങ്ങളില്‍ സുരക്ഷാ വിഭാഗങ്ങള്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിക്കപ്പെട്ടത്.

കസ്റ്റഡിയിലെടുത്തവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ നിയമപ്രകാരം നാടുകടത്താനുള്ള നടപടിയിലാണ്. രാജ്യത്തെ തൊഴില്‍മേഖല നിയമാനുസൃതമാക്കുന്നതിനും അനധികൃത തൊഴിലാളികളെ കണ്ടെത്തി നാടുകടത്താനും സുരക്ഷാ കാമ്പെയ്നുകള്‍ ആരംഭിക്കാന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദ്ദേശിച്ച പ്രകാരമാണ് നടപടി. തൊഴില്‍മേഖല നിയമാനുസൃതമാക്കുന്നത് ക്രമസമാധാനത്തിനും സുരക്ഷയ്ക്കും അത്യാവശ്യമാണെന്ന് ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് ചൂണ്ടിക്കാട്ടിയിരുന്നു.

ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് പേരെ നാടുകടത്തിയിരുന്നു. ഏറ്റവും കൂടുതല്‍ പ്രവാസികളെ നാടുകടത്തിയ വര്‍ഷമാണ് കഴിഞ്ഞുപോയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്് ചെയ്യുന്നു. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ കണക്കുകള്‍ പ്രകാരം 17,701 സ്ത്രീകള്‍ ഉള്‍പ്പെടെ 42,892 വിദേശികളെയാണ് നാടുകടത്തിയത്.

അഡ്മിനിസ്‌ട്രേറ്റീവ് ഡീപോര്‍ട്ടേഷന്‍, ജുഡീഷ്യല്‍ ഡീപോര്‍ട്ടേഷന്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ പെടുത്തിയാണ് നിയമലംഘകരെ നാടുകടത്തുന്നത്. കഴിഞ്ഞ വര്‍ഷം 582 പുരുഷന്മാരും 45 സ്ത്രീകളും ഉള്‍പ്പെടെ 627 പേര്‍ ജുഡീഷ്യല്‍ നാടുകടത്തലില്‍ ഉള്‍പ്പെട്ടു. 24,609 പുരുഷന്മാരും 17,656 സ്ത്രീകളും ഉള്‍പ്പെടുന്ന 42,265 പേര്‍ അഡ്മിനിസ്‌ട്രേറ്റീവ് നാടുകടത്തലിനും ശിക്ഷിക്കപ്പെട്ടു.

ആഭ്യന്തര മന്ത്രിയുടെ ഉത്തരവിനു പിന്നാലെ റെയ്ഡുകള്‍ ശക്തമാക്കിയതും സുരക്ഷാ വിഭാഗങ്ങളുടെ സജീവമായ നടപടികളുമാണ് നാടുകടത്തലുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവിന് കാരണം. നാടുകടത്തപ്പെട്ടവരില്‍ മിക്കവര്‍ക്കും രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version