Gulf

കള്ളപ്പണം വെളുപ്പിക്കല്‍: യുഎഇയില്‍ 225 സ്ഥാപനങ്ങള്‍ക്ക് 7.7 കോടി ദിര്‍ഹം പിഴ

Published

on

അബുദാബി: കള്ളപ്പണവുമായി ബന്ധപ്പെട്ട് 2023ല്‍ ഇതുവരെ യുഎഇയില്‍ 225 സ്ഥാപനങ്ങള്‍ക്ക് 7.7 കോടി ദിര്‍ഹം പിഴ ചുമത്തി. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ യുഎഇ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ വിഭാഗത്തെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയ 50 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി തടയുകയും ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

കള്ളപ്പണം വെളുപ്പിക്കുന്നതും അതുവഴി തീവ്രവാദത്തിന് ധനസഹായമെത്തുന്നതും തടയുന്നതിനാണ് യുഎഇ സാമ്പത്തിക മന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്. ഈ വര്‍ഷം നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 225 സ്ഥാപനങ്ങള്‍ക്ക് 76.9 ദശലക്ഷം ദിര്‍ഹം പിഴ ചുമത്തിയതായും മന്ത്രാലയം അറിയിച്ചു. കള്ളപ്പണം, ഭീകരവാദ ഫണ്ടിങ് എന്നിവയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിയമങ്ങള്‍നുസൃതമായി കര്‍ക്കശ നിയമങ്ങളാണ് യുഎഇ നടപ്പാക്കിവരുന്നത്.

ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന് കീഴിലെ ഗോ-എഎംഎല്‍ സംവിധാനത്തിലൂടെ സംശയാസ്പദമായ ഇടപാടുകള്‍ ധനകാര്യ സ്ഥാപനങ്ങള്‍ അറിയിക്കണമെന്നാണ് നിയമം. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമാണിത്.

സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ധനകാര്യ സ്ഥാപനങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധന നടത്തിവരുന്നുണ്ട്. എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കിലോ സാങ്കേതിക സഹായം ആവശ്യമുണ്ടെങ്കിലോ ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്താവുന്നതാണ്.

വ്യാപാര മേഖലകളില്‍ സുതാര്യത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിരീക്ഷണവും പരിശോധന കാമ്പെയ്‌നുകളും ശക്തമാക്കിയത്. രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതും തടയുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്താനും നിയന്ത്രണങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമായി മന്ത്രാലയം കഴിഞ്ഞ രണ്ട് മാസങ്ങളില്‍ ശില്‍പശാലകള്‍ സംഘടിപ്പിച്ചിരുന്നു.

വ്യാജ കറന്‍സി വിനിമയ ഡീലര്‍മാര്‍ ലാഭകരമായ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് നടത്തുന്ന മണി എക്‌സ്‌ചേഞ്ച് ഇടപാടുകളില്‍ വീഴുന്നതിനെതിരെ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എഡിജെഡി) താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

അനധികൃത കറന്‍സി ഡീലര്‍മാര്‍ വ്യാജ കറന്‍സി നോട്ടുകള്‍ വാഗ്ദാനം ചെയ്യുകയോ നിയമവിധേയമല്ലാത്ത സ്രോതസ്സുകളില്‍ നിന്ന് പണം കൈപ്പറ്റുകയോ ചെയ്യുന്നുവെന്ന് എഡിജെഡി ഇന്നലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു. അനധികൃതമായി പണം എക്‌സ്‌ചേഞ്ച് നടത്തുന്നവരില്‍ നിന്ന് വിദേശ കറന്‍സി മാറ്റരുതെന്നും അതോറിറ്റി നിര്‍ദേശിച്ചു.

ബാങ്കുകളും മറ്റ് ധനഇടപാട് സ്ഥാപനങ്ങളും അവധിയായിരിക്കുന്ന ദിവസങ്ങളും മറ്റും മുതലെടുത്താണ് തട്ടിപ്പുകാരും കറന്‍സി കള്ളപ്പണ സംഘങ്ങളും കുറഞ്ഞ വിലയ്ക്ക് വിദേശ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ വാഗ്ദാനം ചെയ്യുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പരസ്യങ്ങളിലൂടെയും സംഘങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നു. അത്തരം ‘ലാഭകരമായ’ ഓഫറുകള്‍ ഒഴിവാക്കുകയും സംശയാസ്പദമായ ഇടപാടുകളിലൂടെ പണം കൈമാറ്റം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണമെന്ന എഡിജെഡി അറിയിപ്പില്‍ വിശദീകരിച്ചു.

വിദേശ കറന്‍സി കൈമാറ്റം ചെയ്യുന്നതിന് എല്ലായ്‌പ്പോഴും അംഗീകൃത മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളെയോ ബാങ്കുകളെയോ ആശ്രയിക്കണമെന്ന് പ്രസ്താവനയില്‍ നിര്‍ദേശിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിലും കള്ളനോട്ട് പ്രോത്സാഹിപ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഈ സംഘങ്ങളുമായി ഇടപെടുന്നത് ഒഴിവാക്കണമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തികളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version