Entertainment

മമ്മൂട്ടിയുടെ ഫൈറ്റിന് പഞ്ച് നൽകാൻ മോഹൻലാലിന്റെ ഹിറ്റ് പാട്ട്; ടർബോയെക്കുറിച്ച് പുതിയ റിപ്പോർട്ട്

Published

on

മമ്മൂട്ടിയുടെ ആക്ഷൻ- കോമഡി എൻ്റർടെയ്നർ ‘ടർബോ’ അണിയറയിലാണ്. വെെശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മിഥുൻ മാനുൽ തോമസ് ആണ്. വമ്പൻ താരനിര അണിനിരക്കുന്ന സിനിമ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും എന്നാണ് വിവരം. ഇപ്പോഴിതാ സിനിമയിലെ ഒരു ആക്ഷൻ രംഗത്തെക്കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകളാണ് ശ്രദ്ധ നേടുന്നത്.

ടർബോയിലെ സുപ്രധാനമായ ഒരു ആക്ഷൻ രംഗത്തിൽ മോഹൻലാലിന്റെ പ്രശസ്തമായ സിനിമാ പാട്ട് പശ്ചാത്തലമായി നൽകുമെന്നാണ് സിനിമാ കൂട്ട് എന്ന ട്വിറ്റർ ഫോറത്തെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സംഘട്ടന രംഗത്തിൽ മമ്മൂട്ടിയും ഉൾപ്പെടുമെന്നാണ് വിവരം. സ്‌ക്രീനിൽ മമ്മൂട്ടി ഫൈറ്റ് ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ ഗാനം വരുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

നേരത്തെ സിനിമയിലെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. കന്നഡ നടൻ രാജ് ബി ഷെട്ടി ഉൾപ്പെടുന്ന ഒരു സംഘട്ടന രംഗമാണ് വിഡിയോയിലുള്ളത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ഒപ്പം വീഡിയോയിൽ. വിയറ്റ്നാം ഫൈറ്റേഴ്സിനൊപ്പം നിൽക്കുന്ന ചിത്രം സംവിധായകൻ തന്നെ പങ്കുവെച്ചിരുന്നു. കോടികൾ മുടക്കി ചിത്രീകരിക്കുന്ന ആക്‌ഷൻ രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ് എന്നാണ് സൂചന.

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’ ടർബോയിൽ ഉപയോഗിക്കുന്നുണ്ട്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. ‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ ‘പഠാൻ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version