Sports

സ്റ്റുവാർട്ട് ബിന്നിയുടെ കിടിലൻ റെക്കോഡും തകർത്ത് മൊഹമ്മദ് ഷമി; സെമിഫൈനലിലെ പ്രകടനത്തിനിടെ സ്വന്തമാക്കിയ നേട്ടങ്ങൾ ഇങ്ങനെ…

Published

on

2023 ഏകദിന ലോകകപ്പിലെ സ്വപ്ന ഫോം തുടർന്ന മൊഹമ്മദ് ഷമി (Mohammed Shami) ബുധനാഴ്ച നടന്ന സെമിഫൈനലിൽ ന്യൂസിലൻഡിനെ ഒറ്റയ്ക്കാണ് തകർത്തത്. മാസ്മരിക ഫോമിലായിരുന്ന ഷമി 57 റൺസ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകളാണ് വാംഖഡെയിൽ പിഴുതത്. ഈ പ്രകടനത്തോടെ ഒരുപറ്റം കിടില‌ൻ റെക്കോഡുകൾ സ്വന്തം പേരിലാക്കാനും ഷമിക്കായി

ഏഴ് വിക്കറ്റുകൾ വീഴ്ത്തിയതോടെ ഏകദിനത്തിൽ ഒരിന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന റെക്കോഡ് സ്വന്തം പേരിലാക്കാൻ ഷമിക്കായി. ഓൾ റൗണ്ടർ സ്റ്റുവാർട്ട് ബിന്നിയുടെ പേരിൽ കഴിഞ്ഞ ഒൻപത് വർഷമായി നിലനിന്നിരുന്ന റെക്കോഡാണ് ഷമി പഴങ്കഥയാക്കിയത്. 2014 ൽ ബംഗ്ലാദേശിനെതിരെ മിർപൂരിൽ നടന്ന കളിയിൽ നാല് റൺസ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകൾ വീഴ്ത്തിയ ബിന്നിയുടെ പ്രകടനമായിരുന്നു ഇത്രയും നാൾ ഇക്കാര്യത്തിൽ ഒന്നാമത്.

ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ നേടുന്ന ബോളറെന്ന റെക്കോഡും ഷമി ഇപ്പോൾ സ്വന്തം പേരിലാക്കി. വെറും 17 കളികളിൽ നിന്നാണ് ലോകകപ്പിൽ ഷമി 50 വിക്കറ്റ് തികച്ചത്. 19 മത്സരങ്ങളിൽ 50 വിക്കറ്റുകൾ നേടിയ മിച്ചൽ സ്റ്റാർക്കിനെയാണ് ഷമി മറികടന്നത്.

ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡിലും ഇപ്പോൾ മൊഹമ്മദ് ഷമി ഒന്നാമതെത്തിയിട്ടുണ്ട്. 2011 ലോകകപ്പിൽ സഹീർ ഖാൻ കുറിച്ച റെക്കോഡാണ് ഷമി തിരുത്തിക്കുറിച്ചത്. ഇക്കുറി 23 വിക്കറ്റുകളാണ് ലോകകപ്പിൽ ഷമിയുടെ സമ്പാദ്യം. വെറും ആറ് മത്സരങ്ങളിൽ നിന്നാണ് ഈ വലം കൈയ്യൻ പേസർ 23 വിക്കറ്റുകൾ നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version