യുഎഇ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുഎഇയിൽ എത്തും. യുഎഇയിലെ പ്രവാസികൾ മോദിയെ വരവേൽക്കാൻ വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം ആണ് ഇത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുമായി മോദി നാളെ ചർച്ച നടത്തും.
രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ ഉണ്ടായിരിക്കും. സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ ഉണ്ടായിരിക്കും. പ്രവാസി സംഘടനകള്‍ യുഎഇയില്‍ എത്തുന്ന മോദിക്ക് വലിയ സ്വീകരണമാണ് ഒരുക്കാൻ പോകുന്നത്. അഹ്ലന് മോദി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയാണ് ദുബായിൽ നടക്കാൻ പോകുന്നത്. നാളെ വെെകുന്നേരം നാലു മണിക്ക് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശ്വാമിത്ര (ലോകത്തിന്റെ സുഹൃത്ത്) എന്ന പ്രമേയത്തിൽ വിവിധ കലാകാരൻമാർ അവതരിപ്പിക്കുന്ന പരിപാടികൾ ഉണ്ടായിരിക്കും. കലാവിരുന്നില്‍ എഴുന്നൂറിലേറെ കലാകാരന്മാര് പങ്കെടുക്കും എന്നാണ് റിപ്പോർട്ട്.
ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിൽ പുതിയ തരത്തിലുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായിരിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പരിപാടിയിൽ പങ്കെടുക്കാനുള്ളവരുടെ രജിസ്ട്രേഷൻ 65,000 പിന്നിട്ടു എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇന്ത്യന്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ 150ലേറെ സംഘടനകളുടെ പരിപാടിയായിരിക്കും ഒരുങ്ങാൻ പോകുന്നത്. യുഎഇയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പരിപാടിക്കെത്തും. ദുബായ് മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മോദി പ്രഭാഷണം നടത്തും. ഉച്ചകോടിയിൽ പങ്കെടുക്കാൻ മൂന്ന് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഉണ്ട്. തുര്‍ക്കി, ഖത്തര്‍ എന്നിവയാണ് ഇന്ത്യയെ കൂടാതെയുള്ള മറ്റു രാജ്യങ്ങൾ.