Gulf

ആധുനിക സൗദിക്ക് 93ാം പിറന്നാള്‍; രാജ്യത്തുടനീളം വിപുലമായ ആഘോഷ പരിപാടികള്‍

Published

on

റിയാദ്: നാട്ടുരാജ്യങ്ങളെ കൂട്ടിയോജിപ്പിച്ച് അബ്ദുല്‍ അസീസ് രാജാവ് ആധുനിക സൗദി അറേബ്യക്ക് രൂപംനല്‍കി 93 വര്‍ഷം പിന്നിടുന്നു. സെപ്തംബര്‍ 23ന് നടക്കുന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ക്കായി രാജ്യം തയ്യാറെടുപ്പുകള്‍ തുടങ്ങി. 1932ലാണ് ഇബ്‌നു സൗദ് എന്നറിയപ്പെട്ടിരുന്ന അബ്ദുല്‍ അസീസ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ സൗദ് രാജ്യം കെട്ടിപ്പടുക്കുന്നത്.

93ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ സായുധ സേന രാജ്യത്തുടനീളമുള്ള നിരവധി പ്രദേശങ്ങളില്‍ ഏരിയല്‍, മറൈന്‍ ഷോകള്‍ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിയാദ്, ജിദ്ദ, ദഹ്‌റാന്‍, ദമ്മാം, ജൗഫ്, ജുബൈല്‍, അല്‍അഹ്‌സ, തായിഫ്, അല്‍ബഹ, തബൂക്ക്, അബഹ എന്നീ 13 നഗരങ്ങളില്‍ ടൈഫൂണ്‍, എഫ്15, ടൊര്‍ണാഡോസ് എന്നിവയുള്‍പ്പെടെ വിവിധ തരം റോയല്‍ സൗദി എയര്‍ഫോഴ്‌സ് ജെറ്റുകള്‍ ആകാശവിസ്മയം തീര്‍ക്കും.

സൗദി ഹോക്‌സ് എയ്‌റോബാറ്റിക് ടീം നിരവധി നഗരങ്ങളിലെ ആകാശങ്ങളില്‍ പ്രദര്‍ശനങ്ങളും നടത്തും. കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ റോയല്‍ സൗദി നാവികസേന നാവിക പരേഡുകളും ഷോകളും സംഘടിപ്പിക്കുന്നുണ്ട്. നാവിക കപ്പലുകളുടെയും സമുദ്ര സുരക്ഷാ ബോട്ടുകളുടെയും പരേഡ്, ഹെലികോപ്റ്റര്‍ എയര്‍ ഷോകള്‍, വാഹനങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക പരേഡ്, കാലാള്‍പ്പടയും കുതിരപ്പടയും അണിനിരന്നുകൊണ്ടുള്ള പരേഡ്, യുദ്ധോപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയുമുണ്ടാവും.

ജുബൈലിലെ അല്‍ഫനതീര്‍ ബീച്ചില്‍ കെട്ടിടത്തിനുള്ളിലെ ശത്രുലക്ഷ്യങ്ങളെ നിര്‍വീര്യമാക്കാന്‍ നാവിക കമാന്‍ഡോകള്‍ നടത്തുന്ന ഓപറേഷന്റെ മോക് ഡ്രില്ലും അവതരിപ്പിക്കും. കിഴക്കന്‍ പ്രവിശ്യയില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള എയര്‍ ഷോ, സൗദി പതാകയുമായി ഫ്രീ ജംപ്, സൈനിക പരേഡ്, ആയുധങ്ങള്‍, സൈനിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം, കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികള്‍ എന്നിവയും നടക്കും.

രാജ്യത്തെ തെരുവുകളും ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ദേശീയ പതാക കൊണ്ടും തോരണങ്ങള്‍ കൊണ്ടും അലങ്കരിച്ചും വിദേശികള്‍ ഉള്‍പ്പെടെയുള്ള രാജ്യനിവാസികളും ആഘോഷപരിപാടികളില്‍ പങ്കുചേരും.

ദേശീയദിനത്തിന്റെ ഭാഗമായി സൗദിയിലേക്ക് മൂന്ന് അധിക വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍ പ്രഖ്യാപിച്ചു. ദേശീയ ദിനം വാരാന്ത്യദിനമായ 23ാം തിയ്യതി ശനിയാഴ്ച കൂടി ആയതിനാല്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണിത്. 20ാം തീയതി മുതല്‍ 24 വരെയാണ് മൂന്ന് ബോയിങ് 777 വിമാനങ്ങള്‍ സര്‍വീസ് നടത്തുക.

ഹിജാസ്, നജ്ദ്, കിഴക്കന്‍ അറേബ്യയുടെ ചില ഭാഗങ്ങള്‍ (അല്‍അഹ്‌സ), ദക്ഷിണ അറേബ്യ (അസിര്‍) എന്നീ നാല് ചരിത്രപ്രധാനമായ മേഖലകള്‍ കൂട്ടിയോജിപ്പിച്ചാണ് ഇബ്‌നു സൗദ് പരമാധികാര അറബ് ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കുന്നത്. ഏഷ്യയിലെ അഞ്ചാമത്തെ വലിയ രാജ്യമാണ് സൗദി. അറബ് ലോകത്തെ രണ്ടാമത്തെ വലിയ രാജ്യവും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രാജ്യവുമാണ്.

1938ല്‍ പെട്രോളിയം കണ്ടെത്തിയതോടെയാണ് രാജ്യം അഭിവൃദ്ധിപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായും യുഎസിന് പിന്നില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉല്‍പ്പാദകരായും സൗദി ഇന്ന് നിലകൊള്ളുന്നു. സൗദി വിഷന്‍ 2030 പദ്ധതികളിലൂടെ എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തികരംഗത്തെ വൈവിധ്യവല്‍ക്കരണത്തിനും ഊന്നല്‍ നല്‍കിയാണ് പുതിയ സൗദിയുടെ കുതിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version