അബുദാബി: അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് ഒരുമനയൂര്‍ സ്വദേശി ഷെമിലാണ് (28) മരിച്ചത്. കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്ന ഇദ്ദേഹത്തെ മാര്‍ച്ച് 31 മുതല്‍ കാണാനില്ലായിരുന്നു.
അബൂദാബി മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലായിരുന്നു താമസം. മാര്‍ച്ച് 31 ജോലി കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റാസല്‍ ഖൈമയിലുള്ള പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അബൂദാബി പോലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
യുവാവിനായി തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്തിയിരുന്നില്ല. ഒടുവില്‍ അബൂദബി മുസഫയില്‍ തന്നെയുള്ള നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാളുകള്‍ പഴക്കമുള്ളതാണ് മൃതദേഹമെന്ന് പോലിസ് പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ബനീയാസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.