തെഹ്റാൻ: എഎഫ്സി ചാമ്പ്യൻസ് ലീഗിനായി ഇറാനിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വമ്പൻ വരവേൽപ്പ്. ഇറാൻ ക്ലബായ പെര്‍സിപൊലിസാണ് റൊണാൾഡോയ്ക്കും സംഘത്തിനും എതിരാളികൾ. ഇന്ന് രാത്രി 11.30നാണ് മത്സരം നടക്കുക. 2016ന് ശേഷം ഇതാദ്യമായാണ് സൗദി ക്ലബുകൾ ഇറാനിലേക്ക് എത്തുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇതാദ്യമായാണ് ഇറാനിലെത്തുന്നത്.
ഇറാൻ തലസ്ഥാനമായ തെഹ്റാൻ മുതൽ പോർച്ചുഗീസ് ഇതിഹാസത്തെ കാണാൻ ആരാധകർ തടിച്ചുകൂടിയിരുന്നു. റൊണാൾഡോ, റൊണാൾഡോ വിളികളും ബാനറുകളും പോസ്റ്ററുകളും ആരാധകർ ഉയർത്തി. അൽ നസർ സംഘം താമസിക്കുന്ന എസ്പിനാസ് പാലസ് ഹോട്ടൽ വരെയും ആരാധകർ എത്തി. വിലയ്ക്കുവാങ്ങാൻ കഴിയാത്തതാണ് ഇപ്പോൾ ലഭിക്കുന്ന പിന്തുണയെന്ന് അൽ നസർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
2016ന് ശേഷം ഇറാൻ-സൗദി ബന്ധം വഷളായിരുന്നു. 2015ലെ എഎഫ്സി ചാമ്പ്യൻസ് ലീഗിലാണ് സൗദി ക്ലബുകൾ അവസാനമായി ഇറാനിൽ കളിച്ചത്. അതിന് ശേഷം ഇറാൻ-സൗദി ക്ലബുകൾ തമ്മിലുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാണ് നടന്നിരുന്നത്. ഈ വർഷം ആദ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതോടെയാണ് വീണ്ടും സൗദി ക്ലബുകൾ ഇറാനിലേക്ക് എത്തുന്നത്.