ഫ്ലോറിഡ: മേജർ ലീഗ് സോക്കറിൽ ഒർലാൻഡോ സിറ്റിയെ തകർത്തിരിക്കുകയാണ് ലയണൽ മെസ്സിയുടെ ഇന്റർ മയാമി. മത്സരത്തിൽ ഇരട്ട ഗോളുമായി മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു. 57, 62 മിനിറ്റുകളിലായിരുന്നു അർജന്റീനൻ ഇതിഹാസം ഗോൾ സ്കോർ ചെയ്തത്. പിന്നാലെ മത്സരത്തിൽ ഹാട്രിക് നേടാനുള്ള അവസരം മെസ്സിക്കുണ്ടായിരുന്നു.
ഫ്രീകിക്ക് ഗോളാക്കി മാറ്റാനുള്ള അവസരമാണ് അർജന്റീനൻ ഇതിഹാസത്തിന് ലഭിച്ചത്. എന്നാൽ മെസ്സിക്ക് അവസരം മുതലാക്കാൻ കഴിഞ്ഞില്ല. മാത്രമല്ല പോസ്റ്റിന് മുകളിലൂടെ പോയ പന്ത് ഒരു പെൺകുഞ്ഞിന്റെ ശരീരത്തിൽ ചെന്നാണ് കൊണ്ടത്. പിന്നാലെ പന്ത് കൊണ്ട വേദനയിൽ കുഞ്ഞ് കരയുന്നുമുണ്ട്.
57-ാം മിനിറ്റിലെ ആദ്യ ഗോൾ മെസ്സി അനായാസമാണ് നേടിയത്. എന്നാൽ 62-ാം മിനിറ്റിൽ ഏറെക്കാലത്തിന് ശേഷം ഒരു ഹെഡർ ഗോൾ താരം സ്വന്തമാക്കി. ലൂയിസ് സുവാരസ് നൽകിയ പാസാണ് മയാമി നായകൻ ഹെഡറിലൂടെ വലയിലെത്തിച്ചത്.