Sports

അമേരിക്കയിൽ മെസിയുടെ ഗോളടിമേളം തുടരുന്നു; ഇക്കുറി ആരാധകർക്ക് ആവേശമായി സ്പൈഡർമാൻ പോസ് ആഘോഷവും

Published

on

അമേരിക്കയിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി ( Lionel Messi ) ഗോളടിച്ച് കൂട്ടുന്നു. അമേരിക്കൻ മേജർ ലീഗ് സോക്കർ ( MLS ) ക്ലബ്ബായ ഇന്റർ മയാമി ( Inter Miami ) ക്യാമ്പിൽ എത്തിയ ലയണൽ മെസി, ക്ലബ്ബിനായി തുടർച്ചയായ അഞ്ചാം മത്സരത്തിലും ഗോൾ സ്വന്തമാക്കി. ഇന്റർ മയാമി ചരിത്രത്തിൽ ആദ്യ അഞ്ച് മത്സരങ്ങളിലും ഗോൾ നേടുന്ന ആദ്യ താരം എന്ന നേട്ടത്തിനും ലയണൽ മെസി അർഹനായി.

ലീഗ്‌സ് കപ്പ് ( Leagues Cup ) ക്വാർട്ടർ ഫൈനലിൽ ചാർലൊറ്റ് എഫ്സിക്കെതിരായ മത്സരത്തിലും ലയണൽ മെസി ഗോൾ സ്വന്തമാക്കി. ഇന്റർ മയാമിക്കു വേണ്ടി ഇതോടെ അഞ്ച് മത്സരങ്ങളിൽ എട്ട് ഗോളുകളെന്ന നേട്ടത്തിലും ലയണൽ മെസിയെത്തി. ഇന്റർ മയാമിക്കു വേണ്ടി അതിവേഗത്തിലാണ് ലയണൽ മെസി ഗോൾ നേടുന്നത്.

ക്വാർട്ടർ ഫൈനലിൽ 4 – 0 നാണ് ഇന്റർ മയാമി മേജർ ലീഗ് സോക്കർ ക്ലബ്ബായ ചാർലൊറ്റ് എഫ്സിയെ കീഴടക്കിയത്. ലയണൽ മെസി ഇന്റർ മയാമിയിൽ എത്തിയ ശേഷം തോൽവി അറിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയം. തുടർച്ചയായ 11 മത്സരങ്ങളിൽ ജയമില്ലാതെ ഇന്റർ മയാമി വിഷമിക്കുന്ന ഘട്ടത്തിലായിരുന്നു ലയണൽ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി ( P S G ) യിൽ നിന്ന് രക്ഷകനായി പറന്നിറങ്ങിയത്.

അമേരിക്കയിലെത്തിയ ലയണൽ മെസിയുടെ ഗോളാഘോഷങ്ങളും ശ്രദ്ധേയം. മാർവെൽ സിനിമ കഥാപാത്രങ്ങളെ അനുകരിക്കുന്ന ലയണൽ മെസിയെയാണ് അമേരിക്കയിലെ മൈതാനങ്ങളിൽ കണ്ടുവരുന്നത്. ചാർലൊറ്റ് എഫ് സിക്ക് എതിരേ ഗോൾ നേടിയ ശേഷം സ്‌പൈഡർമാൻ കഥാപാത്രത്തെ അനുകരിക്കുന്ന ആംഗ്യമാണ് ലയണൽ മെസി കളത്തിൽ കാഴ്ച വെച്ചത്. തോർ എന്ന സിനിമയിലെ ഹോൾഡ് മൈ ബിയർ, ബ്ലാക് പാന്തറിലെ വാക്കണ്ട ഫോറെവർ സെലബ്രേഷനും ശേഷമാണ് ലയണൽ മെസി സ്‌പൈഡർമാൻ സെലബ്രേഷൻ നടത്തിയത് എന്നതാണ് ശ്രദ്ധേയം.

ചാർലൊറ്റ് എഫ് സിക്കെതിരേ 86 -ാം മിനിറ്റിലായിരുന്നു ലയണൽ മെസിയുടെ ഗോൾ. 12 -ാം മിനിറ്റിൽ ജോസെഫ് മാർട്ടിനെസിന്റെ പെനാൽറ്റിയിലൂടെ ഇന്റർ മയാമി ലീഡ് സ്വന്തമാക്കി. തുടർന്ന് 32 -ാം മിനിറ്റിൽ റോബർട്ട് ടെയ്ലറിലൂടെ ലയണൽ മെസി സംഘം ലീഡ് 2 – 0 ആക്കി. 78 -ാം മിനിറ്റിൽ എഡിൽസൺ മലാൻഡയുടെ സെൽഫ് ഗോൾ ഇന്റർ മയാമിയുടെ ലീഡ് 3 – 0 ലേക്ക് ഉയർത്തി. ഇതിന്റെ പിന്നാലെയാണ് ലയണൽ മെസിയുടെ ഗോളിലൂടെ ഇന്റർ മയാമി 4 – 0 ന്റെ ജയം കുറിച്ചത്.

സെമി ഫൈനലിൽ ഫിലാൽഡെൽഫിയ യൂണിയനാണ് ഇന്റർ മയാമിയുടെ എതിരാളി. ബുധനാഴ്ച ( 16 – 8 – 2023 ) ഇന്ത്യൻ സമയം പുലർച്ചെ 4.30 നാണ് ഇന്റർ മയാമി x ഫിലാൽഡെൽഫിയ യൂണിയൻ സെമി ഫൈനൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സെമി ഫൈനലിൽ മാർവെൽ സൂപ്പർ ഹീറോസിലെ ആരെ ആയിരിക്കും ലയണൽ മെസി ഗോൾ നേട്ടത്തിനു ശേഷം അനുകരിക്കുന്നത് എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version