വെംബ്ലി: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് 15-ാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റയല്‍ മാഡ്രിഡ്. വെംബ്ലിയില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് റയല്‍ സ്വന്തമാക്കിയത്. ഡാനി കാര്‍വഹാലും വിനീഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി വല കുലുക്കിയത്. ഇതോടെ ചാമ്പ്യന്‍സ് ലീഗിലെ തകര്‍പ്പന്‍ റെക്കോര്‍ഡില്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയെ പിന്നിലാക്കിയിരിക്കുകയാണ് റയലിന്റെ ബ്രസീലിയന്‍ വിങ്ങര്‍ വിനീഷ്യസ്.
രണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലാണ് വിനീഷ്യസ് മെസ്സിയെ മറികടന്നത്. ഡോര്‍ട്ട്മുണ്ടിനെതിരായ ഫൈനലില്‍ ഗോള്‍ നേടുമ്പോള്‍ വിനീഷ്യസിന് 23 വയസ്സും 325 ദിവസവുമായിരുന്നു പ്രായം. ഇതിന് മുന്‍പ് 2022 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെയാണ് വിനി റയലിന് വേണ്ടി ഗോള്‍ നേടിയത്. ബാഴ്‌സലോണക്ക് വേണ്ടി ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ സൂപ്പര്‍ താരം മെസ്സിക്ക് 23 വയസ്സും 338 ദിവസവുമായിരുന്നു പ്രായം.
രണ്ട് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളില്‍ ഗോള്‍ നേടുന്ന അഞ്ചാമത് താരമാണ് വിനീഷ്യസ്. സാമുവല്‍ എറ്റോ, സെര്‍ജിയോ റാമോസ്, ലയണല് മെസ്സി, മരിയോ മാന്‍സുകിച്ച് എന്നിവരാണ് വിനിക്ക് മുന്നെ ഈ നേട്ടത്തിലെത്തിയത്.