ദോഹ: നൈൻ വൺ ഇവന്റ്സും കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോളിവുഡ് മാജിക്കിന് ഒരുങ്ങി ഖത്തർ. മാർച്ച് ഏഴിന് ദോഹയിൽ നടക്കുന്ന പരിപാടിയുടെ വേദി ജനശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞ ലോകകപ്പിൽ ഫുട്ബോൾ ഇതിഹാസങ്ങളായ നെയ്മറും ലയണൽ മെസ്സിയും പന്തുതട്ടിയ 974 സ്റ്റേഡിയമാണ് മലയാള സിനിമാ താരങ്ങളെ കാത്തിരിക്കുന്നത്.
വിനോദ പരിപാടികൾക്കായി ദോഹയിൽ ഒരുങ്ങുന്നത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വേദിയാണ് . വിവിധ രാജ്യങ്ങളിൽ നിന്നുള്ള എഴുന്നൂറോളം തൊഴിലാളികൾ രാപകൽ ഇല്ലാതെ അധ്വാനിച്ചാണ് വേദിയുടെ പകിട്ട് കൂട്ടുന്നത്. ആദ്യമായിട്ടാണ് പ്രവാസി മണ്ണിൽ മലയാള സിനിമാലോകം വിപുലമായ പരിപാടി ഒരുക്കുന്നത്.
ഏകദേശം 58 മീറ്റർ വീതിയും 14 മീറ്റർ ഉയരവും ഉള്ള വേദി മികച്ച കാഴ്ചാനുഭവമാണ് സമ്മാനിക്കുക. കാഴ്ചകൾ കൊണ്ടും ഉള്ളടക്കം കൊണ്ടും എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമാ ലോകം ഒരിക്കൽക്കൂടി വമ്പൻ നിറപ്പകിട്ടോടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. കെട്ടിലും മട്ടിലും പുത്തൻ കാഴ്ചാ അനുഭവവുമായി ദോഹ സ്റ്റേഡിയത്തിലെ കൂറ്റൻ വേദിയിൽ മലയാള സിനിമയിലെ ഇതിഹാസങ്ങളും പിന്മുറക്കാരും ഒരു പോലെ മാറ്റുരയ്ക്കും.