റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് (ഫെബ്രുവരി 11) ഹിജ്‌റ കലണ്ടര്‍ പ്രകാരം ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശ്വാസികള്‍ കാത്തിരിക്കുന്ന റമദാനിലേക്ക് ഇനി ഒരു മാസത്തെ ഇടവേള മാത്രം. റമദാന്‍ വ്രതാരംഭ തീയതി സൗദി റോയല്‍ കോര്‍ട്ട് ശഅബാന്‍ അവസാനിക്കുന്നതോടെ പ്രഖ്യാപിക്കും.
ഇന്ന് ശഅബാന്‍ ഒന്ന് ആയിരിക്കുമെന്ന് കുവൈറ്റും അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഗോളശാസ്ത്രപരമായി കുവൈറ്റില്‍ റമദാന്‍ ഒന്ന് മാര്‍ച്ച് 11ന് തിങ്കളാഴ്ചയായിരിക്കുമെന്ന് അല്‍ഉജൈരി സെന്റര്‍ വ്യക്തമാക്കി. ശഅ്ബാനില്‍ 29 ദിവസമാണുണ്ടാവുകയെന്ന് ഗോളശാസ്ത്രപ്രകാരം കണക്കാക്കിയാണ് മാര്‍ച്ച് 11ന് വ്രതാരംഭം നിശ്ചയിച്ചത്.
രാജ്യത്ത് മാര്‍ച്ച് 10ന് വൈകീട്ട് റമദാന്‍ മാസപ്പിറവി കാണുക ദുഷ്‌കരമായിരിക്കും. സൂര്യാസ്തമനം നടന്ന് 12 മിനിറ്റു മാത്രമേ ചാന്ദ്രമാസപ്പിറവി ദൃശ്യമാവുകയുള്ളൂ. റമദാന്‍ ഒന്നിന് സുബ്ഹി ബാങ്ക് സമയം രാവിലെ 5.45 നും മഗ്രിബ് ബാങ്ക് സമയം വൈകീട്ട് 5.53 നും ആയിരിക്കുമെന്നും അല്‍ഉജൈരി സെന്റര്‍ അറിയിച്ചു.
റമദാന്‍, ഈദുല്‍ഫിത്ര്‍ പ്രമാണിച്ച് ഇത്തവണ ഷോപ്പിങ് ഓഫര്‍ സീസണ്‍ നേരത്തെയാക്കിയതായി സൗദി വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശഅബാന്‍ 10 മുതല്‍ (ഫെബ്രുവരി 20) ഓഫര്‍ സീസണ്‍ ആരംഭിക്കും. ശവ്വാല്‍ അഞ്ചു വരെയാണ് (ഏപ്രില്‍ 14) ഓഫര്‍.
ഓഫറുകള്‍ പ്രഖ്യാപിക്കാനുള്ള ലൈസന്‍സിന് വാണിജ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. നേരത്തെയുള്ള ഷോപ്പിങ് പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചാണ് ഓഫര്‍ സീസണ്‍ നേരത്തെയാക്കുന്നത്. ഓഫര്‍ ലൈസന്‍സ് അപേക്ഷ ഓണ്‍ലൈനായാണ് സ്വീകരിക്കുക.
ഓഫര്‍ ലൈസന്‍സിലെ ബാര്‍കോഡ് മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് ഓഫറുകളുടെ നിയമസാധുതയും ഓഫറുകളുടെ സത്യാവസ്ഥയും ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. ഓഫറുള്ള ഇനങ്ങള്‍, ഓഫര്‍ അനുപാതം, ഓഫര്‍ കാലയളവ്, സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍ തുടങ്ങിയ വിവരങ്ങളും ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ അറിയാനാവും.