യുഎഇ: മെര്‍ക്കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും യുഎഇ നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളാണ് യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ചിരിക്കുന്നത്. ഒന്നിലധികം തവണ സിറിഞ്ചുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
ഇറക്കുമതി ചെയ്ത മെഡിക്കല്‍ അല്ലെങ്കില്‍ ലബോറട്ടറി ഉപകരണങ്ങള്‍ പരിശോധിക്കണം. അംഗീകൃത കേന്ദ്രങ്ങളില്‍ എത്തിച്ചായിരിക്കണം ഇവ പരിശോധിക്കേണ്ടത്. പൊതുതൊഴില്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇതെല്ലാം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇത് ബാധകമാണ്. ഡിജിറ്റല്‍ മെഡിക്കല്‍ തെര്‍മോമീറ്ററുകള്‍, ഇലക്ട്രോ മെഡിക്കല്‍ തെര്‍മോമീറ്ററുകള്‍, നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ മെഡിക്കല്‍ ബ്ലഡ് പ്രഷര്‍ മോണിറ്ററുകള്‍, നോണ്‍-ഇന്‍വേസീവ് ഓട്ടമേറ്റഡ് ബ്ലഡ് പ്രഷര്‍ മോണിറ്ററുകള്‍ എന്നിങ്ങനെ ഈ ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്തതോ നിര്‍മ്മിക്കുന്നതോ ആയ ഉപകരണങ്ങളും പരിശോധിച്ച് ഉപയോഗ യോഗ്യമാണെന്ന് ഉറപ്പാക്കണം.
മെഡക്കല്‍ ലാബ് ഉപകരണങ്ങളിൽ മുദ്രകൾ ഉണ്ടായിരിക്കണം. അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുള്ള മുദ്ര ആയിരിക്കണം. വിതരണക്കാര്‍ക്ക് വ്യവസ്ഥകള്‍ക്കനുസൃതമായി ഉപകരണങ്ങളുടെ സാധുത ഉറപ്പുവരുത്താന്‍ ആറു മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. നിയമം 2023 സെപ്തംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും.
അതേസമയം, പകർച്ചപ്പനിയുള്ള കുട്ടികളെ സ്ക്കൂളിൽ വിടരുതെന്ന് കുട്ടികൾക്ക് നിർദേശം നൽകി ആരോഗ്യ വിദഗ്ധർ. കുട്ടികളുടെ ആരോഗ്യത്തിന് വലിയ പ്രാധാന്യം ആണ് നൽകുന്നത്. അതിനാൽ രക്ഷിതാക്കളും സ്കൂൾ അധികൃതരും ഇക്കാര്യം ശ്രദ്ധിക്കണം. യുഎഇയിൽ പകർച്ചപ്പനി വ്യാപകമായതിനാൽ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഒരാൾക്ക് പനി വന്നാൽ അത് മറ്റുള്ളവരിലേക്കും ബാധിക്കും. വീട്ടിലും സ്കൂളിലും ഓഫിസിലും എല്ലാം പനി ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഫ്ലൂ വാക്സീൻ എടുത്ത് കഴിയുന്നതും രോഗപ്രതിരോധം ഉറപ്പാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.