Business

ദുബായിലെ അല്‍ ഖിസൈസില്‍ മെഡ്‌കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കും.

Published

on

ദുബായ് :  ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, അല്‍ ഖിസൈസില്‍ പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 334,736 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന 126 കിടക്കകളുള്ള ഈ മെഡിക്കല്‍ സൗകര്യം ദുബായ് ഡെവലപ്മെന്റ്സാണ് നിര്‍മ്മിക്കുന്നത്. 20 മെഡ്കെയര്‍ മെഡിക്കല്‍ സെന്ററുകള്‍ക്കൊപ്പം ദുബായിലെ നാലാമത്തെയും യുഎഇയിലെ അഞ്ചാമത്തെയും മെഡ്കെയര്‍ ആശുപത്രിയാകുമിത്. ഖിസൈസിലെ പുതിയ ആശുപത്രിക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ദുബായ് ഡെവലപ്മെന്റ്സും തമ്മില്‍ ഇന്ന് കരാറില്‍ ഒപ്പുവെച്ചു. 2023 ഡിസംബറോടെ ആശുപത്രി പ്രവര്‍ത്തനക്ഷമമാകും.

”2031 ഓടെ യുഎഇയെ ആഗോളതലത്തില്‍ ഏറ്റവും മികച്ച ആരോഗ്യ പരിചരണ ലക്ഷ്യ സ്ഥാനങ്ങളിലൊന്നായി മാറ്റുവാനുള്ള യുഎഇയുടെ ലക്ഷ്യത്തിനെ പിന്തുണച്ചുകൊണ്ട്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറുമായുള്ള പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഈ അവസരത്തില്‍ സംസാരിച്ച ദുബായ് ഡെവലപ്മെന്റ്സ് ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി എന്‍ജിനിയര്‍ എസ്സ അല്‍ മൈഡോര്‍ പറഞ്ഞു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ പ്രധാന ആരോഗ്യ സംരക്ഷണ വിഭാഗമായ മെഡ്കെയറാണ് ഈ ഹോസ്പിറ്റല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. യുഎഇ ജനതയുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, രോഗികള്‍ക്ക് അവരുടെ അനുഭവങ്ങള്‍ സുഗമമാക്കുന്നതിന് ഉയര്‍ന്ന യാത്രാ സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്ന മികച്ച ഒരു ആരോഗ്യ പരിരക്ഷാ സൗകര്യം സ്ഥാപിക്കുക എന്നതാണ് തങ്ങളുടെ സമഗ്രമായ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായിലെ അല്‍ ഖിസൈസില്‍ സ്ഥിതി ചെയ്യുന്ന 126 കിടക്കകളുള്ള ഒരു അത്യാധുനിക ആരോഗ്യ പരിചരണ സൗകര്യം ഉള്‍ക്കൊള്ളുന്ന ആശുപത്രി 2023ല്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് കെട്ടിട സമുച്ചയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആശുപത്രി. ആറ് നിലകളിലായി പരന്നുകിടക്കുന്ന ഒരു പാര്‍ക്കിംഗ് കെട്ടിടവും (G+6) മൂന്ന് നിലകളിലായുള്ള (G+3)പ്രധാന ആശുപത്രി കെട്ടിടവും ഉള്‍പ്പെടുന്നതാണിത്. ഏറ്റവും പുതിയ നിര്‍മ്മാണ രീതി ഉപയോഗപ്പെടുത്തിയ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ വിശാലവും മികച്ച സൗകര്യങ്ങളോടെയുള്ളതുമായ ലോബി ഏരിയ അതിഥികളെ സ്വാഗതം ചെയ്യുകയും, ആശുപത്രിയിലെ വിവിധ വകുപ്പുകളിലേക്കും, വിഭാഗങ്ങളിലേക്കും നയിക്കുകയും ചെയ്യും.

ഈ പ്രോജക്റ്റിന് പിന്നിലെ ഡെവലപ്പര്‍ എന്ന നിലയില്‍, ഈ മേഖലയിലെ മെഡിക്കല്‍ ചികിത്സകളുടെ പ്രധാന ലക്ഷ്യസ്ഥാനമായി യുഎഇയുടെ നിലവാരം ഉയര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ലക്ഷ്യമിടുന്നതായും ദുബായ് ഡെവലപ്മെന്റ്സ് ഡയറക്ടര്‍ ജനറല്‍ ഹിസ് എക്‌സലന്‍സി എന്‍ജിനിയര്‍ എസ്സ അല്‍ മൈഡോര്‍ പറഞ്ഞു. എല്ലാ മെഡിക്കല്‍ സൗകര്യങ്ങളുടെയും സമഗ്രമായ തയ്യാറെടുപ്പിനും യുഎഇ സമൂഹത്തിന് സമാനതകളില്ലാത്ത ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനും ഗണ്യമായ സംഭാവന നല്‍കാന്‍ ഇതിലൂടെ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായിലെ സമ്പന്നരായ ജനങ്ങള്‍ക്കിടയില്‍ പ്രത്യേക പരിചരണത്തിന്റെ ആവശ്യകത ഗണ്യമായി വര്‍ദ്ധിച്ചുവരുന്നതായി മനസ്സിലാക്കുന്നതായി പുതിയ ആശുപത്രിയെക്കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി, MENA മേഖലയിലെയും, ആഫ്രിക്കന്‍ മേഖലയിലെയും ഒരു ബില്യണിലധികം ആളുകളിലേക്ക് എളുപ്പത്തില്‍ കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. അതിലൂടെ ദുബായിയെ മെഡിക്കല്‍ ടൂറിസത്തിന്റെ വളര്‍ന്നുവരുന്ന ലക്ഷ്യ സ്ഥാനമാക്കി മാറ്റാനും സാധിക്കുന്നു. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും പ്രീമിയം റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍ക്കും സമീപം സ്ഥിതി ചെയ്യുന്ന പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ഈ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ സഹായിക്കും. രാജ്യത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിനു കീഴിലുള്ള ഞങ്ങളുടെ നിലവിലുള്ള 9 ആശുപത്രികള്‍, 101 ക്ലിനിക്കുകള്‍, 241 ഫാര്‍മസികള്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് പുതിയ ആശുപത്രിയില്‍ വിവിധ ത്രിതീയ പരിചരണ സൗകര്യങ്ങള്‍ അവതരിപ്പിക്കാനാണ് ഞങ്ങള്‍ പദ്ധതിയിടുന്നത്. ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ ലോകത്തെ മികച്ച 10-ല്‍ രാജ്യത്തെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇയുടെ വിഷന്‍ 2031 നെ പിന്തുണക്കാനുള്ള പ്രതിബദ്ധത തങ്ങള്‍ വീണ്ടും ഈ ഉദ്യമത്തിലൂടെ ഉറപ്പിക്കുകയാണെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

അഡ്വാന്‍സ്ഡ് മെഡിക്കല്‍ കെയറില്‍ രോഗികള്‍ക്ക് മികച്ച ഫലം ഉറപ്പാക്കാന്‍ മെഡിക്കല്‍ വിദഗ്ധര്‍ നല്‍കുന്ന സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളും ചികിത്സയും ഉള്‍പ്പെടുന്നതിനാല്‍, ഏറ്റവും മികച്ച ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം ഉയര്‍ന്ന ഗുണനിലവാരമുള്ള പരിചരണ  സേവനങ്ങളും അനിവാര്യമാണെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.  പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റലിലൂടെ ഉന്നത ഗുണനിലവാരമുള്ള പരിചരണ സേവനങ്ങളൊരുക്കി ഏറ്റവും മികച്ച ക്ലിനിക്കല്‍ വൈദഗ്ദ്ധ്യം രോഗികളുടെ ക്ഷേമത്തിനായി ലഭ്യമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ എല്ലാ സ്ഥാപനങ്ങളിലൂടെയും സമഗ്രമായ ആരോഗ്യ പരിചരണം ഉറപ്പുവരുത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അല്‍ ഖിസൈസിലെ പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റലും  ‘വീ വില്‍ ട്രീറ്റ് യൂ വെല്‍’ എന്ന ഞങ്ങളുടെ ബ്രാന്‍ഡിന്റെ വാഗ്ദാനത്തെ പ്രാവര്‍ത്തികമാക്കുമെന്നും അലീഷ മൂപ്പന്‍ വ്യക്തമാക്കി.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് പുതിയ ആശുപത്രി സ്ഥിതി ചെയ്യുന്നതെന്നതിനാല്‍ മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്ക് എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാനാവും. 2025-ഓടെ ശരാശരി ജനസംഖ്യ 3.8 മില്ല്യണ്‍ ആകുമെന്ന് കണക്കാക്കപ്പെടുന്ന ജനസാന്ദ്രത കൂടിയ പ്രദേശമാണ് അല്‍ ഖിസൈസ്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ പിന്തുണയോടെയാണ് ആശുപത്രി പ്രവര്‍ത്തന സജ്ജമാവുക. കൂടാതെ രോഗികള്‍ക്ക് മികച്ച പരിചരണവും ചികിത്സാ ഫലങ്ങളും നല്‍കുന്നതിനായി ഫിസിഷ്യന്‍മാരെ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതിക പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്തിയായിരിക്കും ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുക.

ഫീച്ചറുകൾ

  • ദുബായ് ഡെവലപ്മെന്റ്സ് നിര്‍മ്മിക്കുന്ന അല്‍ ഖിസൈസിലെ 126 കിടക്കകളുള്ള ഈ ഉന്നത നിലവാരമുള്ള ഹോസ്പിറ്റല്‍, പരിചയസമ്പന്നരായ മെഡിക്കല്‍ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലൂടെ ഏറ്റവും നൂതനമായ സംവിധാനങ്ങളോടെ മികച്ച വ്യക്തിഗത ആരോഗ്യ പരിചരണം വാഗ്ദാനം ചെയ്യും.
  • വിമാനത്താവളത്തിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഹോസ്പിറ്റല്‍ എന്ന നിലയില്‍, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും, നൂതനമായ അനുബന്ധ സംവിധാനങ്ങളും, ക്ലിനിക്കല്‍ മികവും തേടുന്ന മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ആരോഗ്യ പരിചരണ കേന്ദ്രമായിരിക്കും.
  • ന്യൂറോ സര്‍ജറി, ഗ്യാസ്ട്രോ എന്‍ട്രോളജി, ഓര്‍ത്തോപീഡിക്സ്, സ്പോര്‍ട്സ് പരിക്കുകള്‍, മിനിമലി ഇന്‍വേസീവ് സര്‍ജറി തുടങ്ങിയ ക്വാട്ടര്‍നറി കെയര്‍ സേവനങ്ങളോടൊപ്പം, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ന്യൂക്ലിയര്‍ മെഡിസിന്‍, ഓങ്കോളജി റേഡിയേഷന്‍ തുടങ്ങിയ നൂതന പരിചരണങ്ങളും ആശുപത്രി വാഗ്ദാനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version