• എമിറേറ്റിലെ മികച്ച യുവ ഫുട്‌ബോള്‍ പ്രതിഭകളെ അവതരിപ്പിച്ച് ഷാര്‍ജ മെഡ്‌കെയര്‍ ഹോസ്പിറ്റലും യുഎഇ എസ്‌യുഎസ്എഫും ചേര്‍ന്നൊരുക്കിയ മല്‍സരത്തില്‍ 23 സ്‌കൂളുകളിലെ 276 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
• ജെംസ് മില്ലേനിയം സ്‌കൂള്‍ ഷാര്‍ജ ടൂര്‍ണമെന്റ് ചാമ്പ്യനായി.
അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് യാസിര്‍ ടോപ് ഗോള്‍ സ്‌കോറര്‍.
ഷാര്‍ജ: ഷാര്‍ജയിലെ മെഡ്‌കെയര്‍ ഹോസ്പിറ്റലിന്റെയും യുഎഇ സ്‌കൂള്‍ സ്‌പോര്‍ട്‌സ് അസോസിയേഷ(യുഎഇ എസ്‌യുഎസ്എഫ്)ന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് 2023 ഷാര്‍ജയില്‍ സമാപിച്ചു. ഷാര്‍ജ മുവൈലയിലെ മാന്തേന അമേരിക്കന്‍ സ്‌കൂളിലാണ് രണ്ടാഴ്ച നീണ്ടുനിന്ന ചാമ്പ്യന്‍ഷിപ് നടത്തിയത്. കായിക വിനോദങ്ങളിലൂടെ യുവാക്കള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമിടയില്‍ ആരോഗ്യകരവും സജീവവുമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കാനായി ഷാര്‍ജയിലെ മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ നടത്തി വരുന്ന സാമൂഹിക ഇടപെടലുകളുടെ ഭാഗമായിട്ടായിരുന്നു ഇത്.
ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജെംസ് മില്ലേനിയം സ്‌കൂള്‍ ഷാര്‍ജ ചാമ്പ്യന്‍മാരായി. ഷാര്‍ജ അമേരിക്കന്‍ പ്രൈവറ്റ് സ്‌കൂള്‍, അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സയന്‍സ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും റണ്ണര്‍ അപ്പുമാരായി. അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മുഹമ്മദ് യാസിര്‍ ടോപ് ഗോള്‍ സ്‌കോറര്‍ ആയി. അതേ സ്‌കൂളിലെ അഹ്മദ് മുര്‍സി മികച്ച ഗോള്‍ കീപറും, ജെംസ് മില്ലേനിയം സ്‌കൂളിലെ മുഹമ്മദ് ഹംദാന്‍ പ്‌ളേയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി. വിജയിച്ച ടീമിനെയും ഫസ്റ്റ് റണ്ണര്‍ അപ്പിനെയും ട്രോഫികളും 20,000 ദിര്‍ഹം പ്രൈസ് മണിയും നല്‍കി മെഡ്‌കെയര്‍ േഹാസ്പിറ്റല്‍ ഷാര്‍ജ ആദരിച്ചു.
”ഇത്തരമൊരു ഇന്റര്‍സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിലൂടെ ഫുട്‌ബോളിലെ യുവ പ്രതിഭകളെ കണ്ടെത്താനായി. യുവാക്കള്‍ക്കിടയില്‍ സജീവവും ആരോഗ്യകരവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ ചാമ്പ്യന്‍ഷിപ്. അത് സാധ്യമാക്കാന്‍ യുഎഇ എസ്‌യുഎസ്എഫുമായി സഹകരിക്കാനായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇന്നത്തെ ലോകത്ത് അക്കാദമിക് മേഖല എന്ന പോലെ സ്‌പോര്‍ട്‌സും കുട്ടികള്‍ക്ക് പ്രധാനമാണ്. അതിനാല്‍, ഇത്തരമൊരു സംരംഭം ആരംഭിക്കാനുള്ള ഞങ്ങളുടെ പ്രധാന തെരഞ്ഞെടുപ്പായി സ്‌കൂളുകള്‍ മാറിക്കഴിഞ്ഞു” -ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്തവേ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്റ് ക്‌ളനിക്‌സ്, മെഡ്‌കെയര്‍ ഷാര്‍ജ സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു.
ഒരു കുട്ടിയുടെ മൊത്തത്തിലുള്ള വികസനത്തിന്റെ അവിഭാജ്യ ഘടകമായി കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നമ്മുടെ ഭാവി തലമുറയുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ പങ്ക് വഹിക്കാന്‍ ഈ സാമൂഹിക ഇടപെടല്‍ നമ്മെ സഹായിക്കും. ഭാവിയില്‍, സര്‍വകലാശാലകള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമെന്ന പോലെ ഫിറ്റ്‌നസ് കേന്ദ്രീകൃത സംരംഭങ്ങള്‍ നടത്താനും ഞങ്ങള്‍ ശ്രമിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലും അവരുടെ രക്ഷിതാക്കളിലും സജീവവും ആരോഗ്യകരവുമായ ജീവിത ശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു -അദ്ദേഹം വ്യക്തമാക്കി.
ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അത് ഒരു കളി എന്നതിലുപരിയായി യുവാക്കളെ ശാക്തീകരിക്കാനും ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കാനും കായിക ക്ഷമത വളര്‍ത്താനുമുള്ളതാണെന്നും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജ സിഒഒ ഡോ. ജിഷാന്‍ മഠത്തില്‍ അഭിപ്രായപ്പെട്ടു. യുവാക്കള്‍ ഭാവിയാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, അവരെ വളരാനും പൂര്‍ണ ശേഷയിലെത്താനും സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി. ഈ സംരംഭത്തിലൂടെ യുവ കായിക താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് ആരോഗ്യകരവും പിന്തുണയുള്ളതുമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
”ഒരു ആരോഗ്യ ദാതാവ് എന്ന നിലയില്‍ ശാരീരികക്ഷമതയുടെയും സൗഖ്യത്തിന്റെയും പ്രാധാന്യം തങ്ങള്‍ മനസ്സിലാക്കുന്നു. യുവാക്കള്‍ക്കിടയില്‍ സജീവവും ആരോഗ്യകരവുമായ ജീവിത ശൈലി പ്രോല്‍സാഹിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ സ്‌പോര്‍ട്‌സിന് പ്രധാന പങ്ക് വഹിക്കാനാകും. ശാരീരിക ശക്തിയും സഹിഷ്ണുതയും വളര്‍ത്തിയെടുക്കാന്‍ മാത്രമല്ല, ടീം വര്‍ക്, അച്ചടക്കം, സ്ഥിരോത്സാഹം തുടങ്ങിയ പ്രധാന കഴിവുകള്‍ വികസിപ്പിക്കാനും ഇത് സഹായിക്കുന്നു” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡ്‌കെയര്‍ ഷാര്‍ജയുമായി കൈ കോര്‍ക്കാനായതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് യുഎഇ എസ്‌യുഎസ്എഫിലെ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി മസാരി അല്‍ ദാഹിരി പ്രസ്താവിച്ചു.
ഈ മത്സരം യുവ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ആരോഗ്യകരമായ മത്സരത്തില്‍ ഏര്‍പ്പെടുന്നതിനും ശാരീരിക ക്ഷമതയും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനും ഒരു മികച്ച വേദി വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. സ്‌പോര്‍ട്‌സിലൂടെ അടുത്ത തലമുറയെ ഏറ്റവും മികച്ചതായി മാറാനും സമൂഹത്തിന് ക്രിയാത്മക സംഭാവനക്ക് പ്രചോദനമാവാനും കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ഇത് മാതാപിതാക്കളെയും കുടുംബങ്ങളെയും കായികരംഗത്ത് ഏര്‍പ്പെടാനും ആരോഗ്യകരവും സജീവവുമായ ജീവിതശൈലി നയിക്കാനും പ്രേരിപ്പിക്കുന്നുവെന്നും മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയിലെ പീഡിയാട്രിക്, നിയോനാറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ. ഫുആദ് ഖാന്‍ പറഞ്ഞു. ഇക്കാര്യം മാതാപിതാക്കളെയും കുടുംബങ്ങളെയും കായിക രംഗത്ത് ഏര്‍പ്പെടാനും ആരോഗ്യമുള്ള ജീവിത ശൈലി സ്വീകരിക്കാനും പ്രചോദിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മെഡ്‌കെയര്‍ ഹോസ്പിറ്റല്‍ ഷാര്‍ജയുടെ ഔദ്യോഗിക ഹെല്‍ത് കെയര്‍ പാര്‍ട്ണറെന്ന നിലയില്‍ പങ്കെടുക്കുന്നവര്‍ക്കും മറ്റുമായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍ എന്നിവരുടെ സേവനങ്ങളും, ആംബുലന്‍സ് സര്‍വീസും, എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.