Gulf

യുഎഇ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ ചേരാത്തവര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടോയെന്ന് അറിയാന്‍ സംവിധാനം

Published

on

അബുദാബി: യുഎഇയില്‍ പുതുതായി ആവിഷ്‌കരിച്ച നിര്‍ബന്ധിത തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സില്‍ 65 ലക്ഷത്തിലധികം പേര്‍ ചേര്‍ന്നതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. പദ്ധതിയില്‍ ചേരാത്തവരില്‍ നിന്ന് 400 ദിര്‍ഹം ഈടാക്കാന്‍ മന്ത്രാലയം നേരത്തേ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിന് മുമ്പ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്തവര്‍ക്കാണ് പിഴ ചുമത്തുന്നത്.

പിഴ ചുമത്തിയിട്ടുണ്ടോയെന്ന് MoHRE ആപ്പ്, വെബ്‌സൈറ്റ് അല്ലെങ്കില്‍ ബിസിനസ്സ് സേവന കേന്ദ്രങ്ങള്‍ വഴി അറിയാന്‍ സാധിക്കും. 2023 ജനുവരി ഒന്നിനാണ് പദ്ധതി പ്രഖ്യാപിച്ചത്. ജൂണ്‍ 30 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. തൊഴിലാളികള്‍ക്ക് സ്വമേധയാ അംഗങ്ങളാവാനുള്ള സമയം സപ്തംബര്‍ 30 വരെ സമയം നീട്ടിനല്‍കുകയും ഇതിനു ശേഷം അംഗത്വമെടുക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചിരുന്നു.

പിഴക അടയ്ക്കുന്നതു വരെ ജീവനക്കാരന് പുതിയ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹതയുണ്ടായിരിക്കില്ല. ഇതോടെ മറ്റൊരു ജോലിയില്‍ ചേരാന്‍ കഴിയാതെ വരികയും ചെയ്യും. നിശ്ചിത തീയതി മുതല്‍ മൂന്ന് മാസത്തേക്ക് ജീവനക്കാര്‍ പിഴ അടക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ തുക അവരുടെ ശമ്പളത്തില്‍ നിന്നോ സേവനാനന്തര ആനുകൂല്യങ്ങളില്‍ നിന്നോ മന്ത്രാലയത്തിന് സ്വീകാര്യമെന്ന് കരുതുന്ന മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ വസൂലാക്കും.

ഇനിയും എന്റോള്‍ ചെയ്യാത്തവര്‍ ഉടന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ പോളിസിയില്‍ ചേരാത്ത രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഒക്ടോബര്‍ ഒന്നു മുതല്‍ പിഴ ബാധകമാണ്. സ്വന്തം ബിസിനസുകള്‍ കൈകാര്യം ചെയ്യുന്നവര്‍ (നിക്ഷേപകര്‍), വീട്ടുജോലിക്കാര്‍, താത്കാലിക ജീവനക്കാര്‍, 18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍, പെന്‍ഷന്‍ സ്വീകരിക്കുന്നവര്‍, പുതിയ ജോലി ആരംഭിച്ചവര്‍, വിരമിച്ചവര്‍ എന്നിവര്‍ ഒഴികെയുള്ള എല്ലാവരും പദ്ധതിയില്‍ ചേരണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അംഗങ്ങളാവാം.

പദ്ധതിയില്‍ ചേര്‍ന്നവരെ അഭിനന്ദിച്ച്് മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സാമൂഹിക സുരക്ഷാ കവചമൊരുക്കുന്ന പദ്ധതിയെ കുറിച്ചുള്ള ജനങ്ങളുടെ അവബോധമാണ് വര്‍ധിച്ച എന്റോള്‍മെന്റ് തെളിയിക്കുന്നത്. മികച്ച ആഗോള പ്രതിഭകളെ യുഎഇ തൊഴില്‍ വിപണിയിലേക്ക് ആകര്‍ഷിക്കാനും നിലനിര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നതായും മന്ത്രാലയം വിശദീകരിച്ചു.

തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്‌കീമിനെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ താഴെയോ ഉള്ളവരാണ് അദ്യ വിഭാഗത്തില്‍ പെടുന്നത്. ഈ വിഭാഗത്തിലെ ജീവനക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയമായി പ്രതിമാസം അഞ്ച് ദിര്‍ഹമാണ് അടയ്‌ക്കേണ്ടത്. ജോലി നഷ്ടപ്പെട്ടാല്‍ പരമാവധി പ്രതിമാസ നഷ്ടപരിഹാരം 10,000 ദിര്‍ഹമായിരിക്കും. രണ്ടാമത്തെ വിഭാഗത്തില്‍ 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ള അടിസ്ഥാന ശമ്പളമുള്ളവരാണ് ഉള്‍പ്പെടുക. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം പ്രതിമാസം 10 ദിര്‍ഹവും പ്രതിമാസ നഷ്ടപരിഹാരം 20,000 ദിര്‍ഹവുമാണ്. അധിക ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ആവശ്യമുള്ള തൊഴിലാളികള്‍ക്ക് അതിനുള്ള പ്രത്യേക പ്രീമിയം സ്‌കീമുകളുമുണ്ട്.

നഷ്ടപരിഹാരം ലഭിക്കാന്‍ കുറഞ്ഞത് 12 മാസമെങ്കിലും ജീവനക്കാരന്‍ പ്രീമിയം അടച്ചിരിക്കണം. അച്ചടക്കത്തിന്റെ പേരില്‍ പിരിച്ചുവിടുന്നത് ഒഴികെയുള്ള കാരണങ്ങളാല്‍ ജോലി നഷ്ടപ്പെട്ടാല്‍ മൂന്നു മാസം തൊഴിലാളിക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കും. വിസ റദ്ദാക്കി രാജ്യം വിടുകയോ പുതിയ ജോലിയില്‍ പ്രവേശിക്കുകയോ ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കില്ല. ക്ലെയിം സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തുക നല്‍കും. ജോലി നഷ്ടമായി 30 ദിവസത്തിനുള്ളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അവസാന ആറ് മാസം ലഭിച്ച ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം എന്ന തോതില്‍ മൂന്ന് മാസത്തേക്കാണ് നഷ്ടപരിഹാരം. പുതിയ ജോലി കണ്ടെത്തുന്നതിനായി രാജ്യത്ത് പിടിച്ചുനില്‍ക്കാനാണ് ഇന്‍വോലന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് എന്ന പേരില്‍ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിച്ചത്. തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് ജീവനക്കാരന്റെ ഉത്തരവാദിത്തമാണ്. തൊഴിലുടമയ്ക്ക് ഇക്കാര്യത്തില്‍ ബാധ്യതയില്ല. പദ്ധതിയില്‍ ചേര്‍ന്ന ശേഷം മൂന്ന് മാസത്തിലധികം പ്രീമിയം അടയ്ക്കാതിരുന്നാല്‍ 200 ദിര്‍ഹം പിഴ ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version