മനാമ: മധ്യപൗരസ്ത്യദേശത്തെയും മറ്റു ചില രാജ്യങ്ങളിലെയും ബഹിഷ്കരണം ദോഷകരമായി ബാധിച്ചെന്ന് സമ്മതിച്ച് മക്ഡൊണാള്‍ഡ്സ്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവും ഫാസ്റ്റ് ഫുഡ് ശൃംഖലയെക്കുറിച്ചുള്ള ‘തെറ്റായ വിവരങ്ങളും’ മിഡില്‍ ഈസ്റ്റിലെയും മേഖലയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങളിലെയും കമ്പനിയുടെ ബിസിനസിനെ ബാധിച്ചിട്ടുണ്ടെന്ന് സിഇഒ ക്രിസ് കെംപ്സിന്‍സ്കി പറഞ്ഞു.
ഫാസ്റ്റ് ഫുഡ് കമ്പനിയുടെ ഇസ്രായേല്‍ അനുകൂല നിലപാടിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലും മറ്റ് അറബ് രാജ്യങ്ങളിലും സമൂഹമാധ്യമങ്ങളില്‍ ബഹിഷ്കരണ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇസ്രയേലുമായുള്ള കമ്പനിയുടെ സാമ്പത്തിക ബന്ധത്തിന്റെ പേരിലും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
മക്ഡൊണാള്‍ഡ്സ് പോലുള്ള ബ്രാന്‍ഡുകളെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ ‘നിരാശകരവും അടിസ്ഥാനരഹിതവുമാണ്’ എന്ന് കെംപ്സിന്‍സ്കി ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ വിശേഷിപ്പിച്ചു. മുസ്ലിം രാജ്യങ്ങള്‍ ഉള്‍പ്പെടെ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ രാജ്യങ്ങളിലെയും പ്രാദേശിക ഉടമസ്ഥരായ ഓപറേറ്റര്‍മാര്‍ മക്ഡൊണാള്‍ഡിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കുകയും ആയിരക്കണക്കിന് സ്വദേശികള്‍ക്ക് ജോലി നല്കി ആ രാജ്യത്തെ സേവിക്കാനും പിന്തുണയ്ക്കാനും അശ്രാന്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
മക്ഡൊണാള്‍ഡ്സിനു പുറമേ മറ്റ് പാശ്ചാത്യ ബ്രാന്‍ഡുകളും മധ്യപൗരസ്ത്യദേശത്തെയും മറ്റു ചില രാജ്യങ്ങളിലെയും ബഹിഷ്കരണത്തിന്റെ ആഘാതം അനുഭവിക്കുന്നുണ്ട്. ഇസ്രായേല്‍ ആസ്ഥാനമായുള്ള കമ്പനികള്‍, ഇസ്രായേലിന് പരോക്ഷമായും അല്ലാതെയും പിന്തുണ പ്രഖ്യാപിച്ച പാശ്ചാത്യ ബ്രാന്‍ഡുകള്‍ എന്നിവയ്ക്കെതിരേ അറബ് ജനതയ്ക്കിടയില്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വലിയ പ്രചാരണം നടന്നിരുന്നു.