പാരീസ്: ഫ്രഞ്ച് കപ്പില്‍ മുത്തമിട്ട് പാരീസ് സെന്റ് ജര്‍മ്മന്‍. ശനിയാഴ്ച നടന്ന ഫൈനലില്‍ ലിയോണിനെ തകര്‍ത്താണ് പിഎസ്ജി ചാമ്പ്യന്മാരായത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പിഎസ്ജിയുടെ വിജയം.
ആദ്യപകുതിയിലാണ് പിഎസ്ജിയുടെ രണ്ട് ഗോളുകളും പിറന്നത്. 22-ാം മിനിറ്റില്‍ വിംഗര്‍ ഒസ്മാന്‍ ഡെംബെലെയാണ് പിഎസ്ജിക്ക് വേണ്ടി ആദ്യം വല കുലുക്കിയത്. 34-ാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസിലൂടെ പിഎസ്ജി സ്‌കോര്‍ ഇരട്ടിയാക്കിയത്. രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ജെയ്ക് ഓബ്രിയാനിലൂടെ ലിയോണ്‍ തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി മാറി.
പിഎസ്ജിയുടെ 15-ാം ഫ്രഞ്ച് കപ്പാണിത്. ഇതിന് മുന്‍പ് 2021ലാണ് പിഎസ്ജി അവസാനമായി ഫ്രഞ്ച് കപ്പ് ഉയര്‍ത്തിയത്. പിഎസ്ജി കുപ്പായത്തില്‍ അവസാന മത്സരം കളിക്കുന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് കിരീടത്തോടെ മടങ്ങാം.