പാരിസ്: ലയണൽ മെസ്സിയും നെയ്മാറും ഉൾപ്പെടെ ‘ക്ലാസ് താരങ്ങൾ’ പിന്നെയുമുണ്ടെങ്കിലും പിഎസ്ജിയിൽ ഒന്നാമൻ കിലിയൻ എംബപെ തന്നെ. നാന്റസിനെതിരെ പിഎസ്ജി 4–2നു ജയിച്ച കളിയിൽ ടീമിന്റെ അവസാന ഗോൾ നേടിയതോടെ ഇരുപത്തിനാലുകാരൻ എംബപെ ക്ലബ്ബിന്റെ എക്കാലത്തെയും ടോപ് സ്കോററായി. പാരിസ് ക്ലബ്ബിനായി 201–ാം ഗോൾ നേടിയ എംബപെ പിന്നിലാക്കിയത് യുറഗ്വായ് താരം എഡിൻസൻ കവാനിയെ. 247–ാം മത്സരത്തിലാണ് എംബപെയുടെ നേട്ടം. 18 ഗോളുകളുമായി ഫ്രഞ്ച് ലീഗിൽ നിലവിലെ ടോപ് സ്കോറർ കൂടിയായ എംബപെ ഇൻജറി ടൈമിലാണ് (90+2) ലക്ഷ്യം കണ്ടത്. ലയണൽ മെസ്സി (12–ാം മിനിറ്റ്), ഡാനിലോ പെരേര (60) എന്നിവരും പിഎസ്ജിക്കായി ഗോൾ നേടി. 17–ാം മിനിറ്റിൽ നാന്റസ് താരം ജവോയെൻ ഹാജമിന്റെ സെൽഫ് ഗോളും പിഎസ്ജിക്കു സഹായമായി.
എന്നാൽ പിഎസ്ജി 2–0നു മുന്നിലെത്തിയ ശേഷം ആദ്യ പകുതിയിൽ തന്നെ 2 ഗോൾ തിരിച്ചടിച്ച് ഒപ്പമെത്തിയ നാന്റസ് നിലവിലെ ചാംപ്യൻമാരെ വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. ഒന്നാം സ്ഥാനത്തു തുടരുന്ന പിഎസ്ജിക്ക് 26 കളികളിൽ 63 പോയിന്റായി. രണ്ടാമതുള്ള മാഴ്സൈയ്ക്ക് 25 കളികളിൽ 52 പോയിന്റ്.
‘വളരെ ചെറുപ്പത്തിലേ ഞാൻ ഈ ക്ലബ്ബിലെ ത്തി. ഒട്ടേറെ കാര്യങ്ങൾ ഇവിടെ നിന്നാണ് പഠിച്ചത്. ഒറ്റയ്ക്കും ഒന്നിച്ചും ചരിത്രം കുറിക്കാനാണ് ഞാൻ ഫുട്ബോൾ കളിക്കുന്നത്. അതിലൊന്ന് ഫ്രാൻസിൽ, അതും പാരിസിൽ തന്നെയായി എന്നതു സന്തോഷം..’ – കിലിയൻ എംബപെ
(2017ൽ വായ്പക്കരാറിൽ പിഎസ്ജിക്കു വേണ്ടി കളിച്ച എംബപെ പിറ്റേവർഷം മോണക്കോയിൽനിന്ന് പിഎസ്ജിയിലേക്കു സ്ഥിരമായെത്തി).