ന്യൂഡല്‍ഹി: സൗദി അറേബ്യയുമായി കടലിനടിയിലൂടെ വൈദ്യുതി ബന്ധം സ്ഥാപിക്കുന്നതിന് ഇന്ത്യ സാങ്കേതിക പഠനം ആരംഭിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യയുടെ ഊര്‍ജ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഈ വിവരം പുറത്തുവിട്ടത്.
സാങ്കേതിക പഠനങ്ങള്‍ക്കായി ഊര്‍ജ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളായ സെന്‍ട്രല്‍ ട്രാന്സ്മിഷന് യൂട്ടിലിറ്റി ഓഫ് ഇന്ത്യ, പവര്‍ഗ്രിഡ്, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇതില്‍ ഉള്‍പ്പെടുന്നു.
സാങ്കേതിക പഠന വിവരങ്ങള്‍ ഇരു രാജ്യങ്ങളുമായി പങ്കിടുകയും മുന്നോട്ട് പോകുന്നതിന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഒമാനുമായും യുഎഇയുമായും സമാനമായ പദ്ധതികള്‍ക്കായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
സാങ്കേതിക പഠനം ഒരു തുടക്കം മാത്രമാണെന്ന് പഠന പദ്ധതിയുമായി ബന്ധപ്പെട്ട ടീമിന്റെ ഭാഗമായ ഈ ഉദ്യോഗസ്ഥന് ഓര്‍മിപ്പിച്ചു. പഠനം എപ്പോള്‍ പൂര്‍ത്തായാവുമെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ല. അതിന് ശേഷം നയതന്ത്ര ചര്‍ച്ചകളും ഭരണപരമായ നടപടിക്രമങ്ങളും ഉണ്ടാവും. ചെലവ് പങ്കിടല്‍, ആരാണ് ലൈന്‍ നിര്‍മിക്കുക, സ്ഥാപിക്കേണ്ട റെഗുലേറ്ററി സംവിധാനങ്ങള്‍ തുടങ്ങിയ മറ്റ് ഭരണപരമായ വശങ്ങളും വിലയിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ സൗദി അറേബ്യയുമായും യുഎഇയുമായും വൈദ്യുത കണക്റ്റിവിറ്റി, വൈദ്യുത വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങള്‍ (എംഒയു) ഒപ്പുവച്ചിരുന്നു. സൗദിയുമായി 2023 ഒക്ടോബറിലും യുഎഇയുമായി കഴിഞ്ഞ മാസവുമാണ് എംഒയു ഒപ്പുവച്ചത്.
കടലിനടിയിലെ കേബിള്‍ വഴി ഗുജറാത്തിനെ ഒമാനുമായി ബന്ധിപ്പിക്കുന്ന 1,000 കിലോമീറ്റര്‍ ഹൈ വോള്‍ട്ടേജ് ഡയറക്ട് കറന്റ് (HVDC) പദ്ധതി സംബന്ധിച്ച് പ്രാഥമിക പഠനം ഇന്ത്യ പൂര്‍ത്തിയിക്കിയിരുന്നു. ഇന്ത്യയെ മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, ഫാര്‍ ഈസ്റ്റ് എന്നീ ഭാഗങ്ങളുമായി ബന്ധിപ്പിച്ച് 24 മണിക്കൂറും പുനരുല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുതി പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബൃഹത് പദ്ധതിയുടെ ഭാഗമാണ് ഇതെല്ലാം. ഇതിനായി ഇന്ത്യ വിഭാവനം ചെയ്ത “വണ്‍ സണ്‍, വണ്‍ വേള്‍ഡ്, വണ്‍ ഗ്രിഡ്’ (OSOWOG) പദ്ധതിയുടെ ആദ്യ ഘട്ടമാണ് മിഡില്‍ ഈസ്റ്റ് ജിസിസി പവര്‍ ലിങ്ക്.
ജിസിസി-ഇന്ത്യ അണ്ടര്‍ സീ കേബിള്‍ ലിങ്കിന് (3-ജിഗാവാട്ട്) ഏകദേശം 3.5 ബില്യണ്‍ ഡോളര്‍ ചെലവാകുമെന്നും ഇതിലൂടെ ലഭിക്കുന്ന വൈദ്യുതിക്ക് ഒരു യൂണിറ്റിന് 2.5 യുഎസ് സെന്റില്‍ താഴെയാണ് വില വരികയെന്നും ഫോര്‍ബ്സിലെ ഒരു ലേഖനത്തില്‍ ആഗോള ഇന്റഗ്രേറ്റഡ് പവര്‍ ട്രാന്സ്മിഷന് പ്രൊവൈഡറായ സ്റ്റെര്‍ലൈറ്റ് പവറിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രതീക് അഗര്‍വാള്‍ വ്യക്തമാക്കുന്നു.