കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തില്‍ കണ്ടെത്തിയ പുതിയ ക്രമക്കേടാണ് കുവൈറ്റിലെ ഇപ്പോഴത്തെ വലിയ ചര്‍ച്ചാ വിഷയം. വര്‍ഷങ്ങള്‍ക്കു മുമ്പ് മന്ത്രാലയത്തിലെ ജോലിയില്‍ നിന്ന് വിരമിച്ച് നാടുവിട്ടവര്‍ക്കു പോലും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുടങ്ങാതെ മാസാമാസം ശമ്പളം നല്‍കി വരുന്നതായാണ് പുതിയ കണ്ടെത്തല്‍. വിദ്യാഭ്യാസ മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് അല്‍ ജരീദ പത്രമാണ് ഈ വലിയ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്തത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്ത നിരവധി മുന്‍ ജീവനക്കാര്‍ക്ക് ഇപ്പോഴും ശമ്പളം നല്‍കി വരുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. അവരില്‍ ചിലര്‍ 2018നു മുമ്പ് ജോലിയില്‍ നിന്ന് വിരമിച്ചവരാണ്. ഇക്കൂട്ടത്തില്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം കുവൈറ്റ് വിട്ടവര്‍ പോലുമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ബയോമെട്രിക് സംവിധാനം നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ആദില്‍ അല്‍ അദ്‌വാനിയുടെ തീരുമാനമാണ് ഇത്തരമൊരു ഗുരുതരമായ ക്രമക്കേട് പിടിക്കപ്പെടുന്നതിന് വഴി തെളിയിച്ചത്. മന്ത്രാലയത്തിലെ ജീവനക്കാരില്‍ പലരും ഓഫീസില്‍ കൃത്യമായി ഹാജരാവുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അതിനുള്ള പരിഹാരമെന്ന നിലയില്‍ ബയോമെട്രിക് സംവിധാനം നടപ്പിലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് രൂപീകൃതമായ ഒരു അന്വേഷണ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു ഇത്.
ജീവനക്കാരുടെ ഹാജര്‍, അവരുടെ വരവ്, പോക്ക് എന്നിവ നിരീക്ഷിക്കുന്നതിനുള്ള വിരലടയാള സംവിധാനം നടപ്പിലാക്കുകയും ബയോമെട്രിക് സംവിധാനവുമായി അവരുടെ ശമ്പള വിതരണത്തെ ബന്ധിപ്പിക്കുകയും ചെയ്തതോടെയാണിത്. ഇതിനു ശേഷമാണ് നിലവില്‍ ജീവനക്കാര്‍ അല്ലാത്ത നിരവധി പേര്‍ക്ക് ശമ്പളം വിതരണം ചെയ്യപ്പെടുന്നതായി കണ്ടെത്തിയത്. എന്നാല്‍ എത്ര പേര്‍ക്ക് ഈ രീതിയില്‍ ശമ്പളം നല്‍കി വരുന്നുണ്ട് എന്ന കാര്യം വ്യക്തമല്ല. അതേപോലെ ഇതിനു പിന്നില്‍ ബോധപൂര്‍വമായ ഇടപെടലും തട്ടിപ്പും നടന്നോ എന്ന കാര്യവും വ്യക്തമായിട്ടില്ല.
ക്രമക്കേട് പുറത്തുവന്നതോടെ ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. ഇത്തരമൊരു ക്രമക്കേടിന് ഉത്തരവാദികളായവരെ കണ്ടെത്താനും നിയമവിരുദ്ധമായി വര്‍ഷങ്ങളായി ശമ്പളം വാങ്ങുന്നവരില്‍ നിന്ന് അനധികൃതമായി വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുമെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ഇത്തരമൊരു ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തില്‍ മറ്റ് വകുപ്പുകളില്‍ കൂടി സമാനമായ അന്വേഷണം നടത്താനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.