Gulf

കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10 ലക്ഷത്തോളം ലഹരി ഗുളികകള്‍ കടത്തിയ നാല് സ്വദേശികള്‍ അറസ്റ്റിൽ

Published

on

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് നാല് സ്വദേശികള്‍ അറസ്റ്റിലായി.

ലിറിക ഗുളികകള്‍ നിറച്ച ഏഴ് പെട്ടികളുമായി നാല് സ്വദേശികള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നതായി പൊലീസ് അന്വേഷണത്തില്‍ വിവരം ലഭിച്ചിരുന്നു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസ്, നാർക്കോട്ടിക് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ് എന്നിവർ കുവൈത്ത് വിമാനത്താവളത്തിലെ അറൈവൽ ഹാളില്‍ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഏകദേശം പത്ത് ലക്ഷത്തോളം മയക്കുമരുന്ന് ഗുളികകൾ നിറച്ച ഏഴ് സ്യൂട്ട്കേസുകളുമായി നാല് പൗരന്മാരെ പിടികൂടുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്ക് ലഭിച്ചിരുന്നു.

നാല് സ്വദേശികളും ഇവരെ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരും പിടിയിലായി. മൂന്ന് കുവൈത്തികളെ എയർപോർട്ട് പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് ആറ് ബാഗ് മയക്കുമരുന്ന് ഗുളികകളുമായി പിടികൂടി. പണം വാങ്ങി കള്ളക്കടത്തുകാരുമായി സഹകരിച്ചതായി സമ്മതിച്ച രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം നാലാമത്തെ യാത്രക്കാരനെ വിമാനത്താവളത്തിനുള്ളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.  ഇവരെയും പിടികൂടിയ ലഹരി ഗുളികകളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version