Kerala

ബാബറി മസ്ജിദിനു താഴെ ക്ഷേത്രമില്ലെന്ന് മാർക്സിസ്റ്റ് ചരിത്രകാരന്മാർ പറഞ്ഞു: കെകെ മുഹമ്മദ്

Published

on

കൊച്ചി: ബാബറി മസ്ജിദിനു താഴെ ക്ഷേത്രമില്ലെന്നാണ് മാർക്സിസ്റ്റ് ചരിത്രകാരന്മാർ വാദിച്ചിരുന്നതെന്ന് ആർക്കിയോളജിസ്റ്റ് കെകെ മുഹമ്മദ്. 2003ൽ അയോധ്യ ബാബറി പള്ളിയിൽ നടന്ന റഡാർ പരിശോധനയിൽ താഴെ കെട്ടുകളുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ തുടർന്നുള്ള പര്യവേക്ഷണം മുടക്കാനും മാർക്സിസ്റ്റ് ചരിത്രകാരന്മാർ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. “ബാബറി പള്ളിക്കു താഴെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന സര്‍വ്വേ ഫലം വന്നപ്പോൾ മാർക്സിസ്റ്റ് ചരിത്രകാരന്മാർ പരിഭ്രാന്തരായി. അവരെന്നെ വിളിച്ചു. നിര്‍ത്തിവെക്കാൻ കഴിയുമോ എന്ന് ചോദിച്ചു. സാധിക്കില്ലെന്ന് ഞാൻ പറഞ്ഞു,” കെകെ മുഹമ്മദ് വിശദീകരിച്ചു.

ഇന്ത്യൻ എക്സ്പ്രസ്സിന്റെ എക്സ്പ്രസ് ഡയലോഗ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെകെ മുഹമ്മദ്.

ബാബറി പള്ളിക്കു താഴെ മാർക്സിസ്റ്റ് ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ച വൃത്താകാരത്തിലുള്ള കെട്ട് ഹിന്ദു ക്ഷേത്രത്തിന്റേതാണെന്നും കെകെ മുഹമ്മദ് അവകാശപ്പെട്ടു. ബുദ്ധിസ്റ്റ് കെട്ടുകൾക്കുള്ളിൽ കല്ലും മണ്ണുമെല്ലാം നിറച്ചിരിക്കും. എന്നാൽ ഇത് ഉള്ളിൽ ശൂന്യമായ കെട്ടായിരുന്നു. അതിനെ ബുദ്ധിസ്റ്റ് ആയി കാണാൻ കഴിയില്ലെന്ന് കെകെ മുഹമ്മദ് ചൂണ്ടിക്കാട്ടി.

90കളിൽ ഇംഗ്ലീഷ് പത്രങ്ങളുമായി ഏറ്റവും ബന്ധമുണ്ടായിരുന്നത് മാർക്സിസ്റ്റ് ചരിത്രകാരന്മാർക്കായിരുന്നു. അതുകൊണ്ട് അവരുടെ വാദങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ആർക്കിയോളജിസ്റ്റുകൾ പൊതുവെ ഉൾവലിഞ്ഞ പ്രകൃതക്കാരാണെന്ന് കെകെ മുഹമ്മദ് പറയുന്നു.

ബാബറി മസ്ജിദിനു താഴെ രാമക്ഷേത്രം ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് 1992ൽ കർസേവകർ പള്ളി പൊളിച്ചപ്പോൾ കിട്ടിയ ശിലാഫലകത്തിൽ ഉണ്ടെന്ന് കെകെ മുഹമ്മദ് പറഞ്ഞു. ഫലകത്തിൽ ബാലിയെ കൊന്നയാളുടെ ക്ഷേത്രം എന്നാണ് ആ ഫലകത്തിൽ എഴുതിയിരുന്നത്. എന്നാൽ പള്ളി പൊളിച്ചയാളുകൾ ആ ഫലകം അവിടെ കൊണ്ടിട്ടതാണെന്ന വാദത്തെ കെകെ മുഹമ്മദ് തള്ളി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version