ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിയെ തകർത്ത് ചെന്നൈൻ എഫ് സി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെന്നൈന്റെ വിജയം. മത്സരത്തിൽ ഗോളിനായി ലഭിച്ച നിരവധി അവസരങ്ങൾ ബെംഗളൂരു പാഴാക്കി. എന്നാൽ ലഭിച്ച പെനാൽറ്റികൾ രണ്ടും കൃത്യമായി പോസ്റ്റിനുള്ളിലേക്ക് പായിച്ച് ചെന്നൈൻ മൂന്ന് പോയിന്റ് സ്വന്തമാക്കി.
ആദ്യ പകുതിയുടെ 61 ശതമാനവും പന്തിനെ നിയന്ത്രിച്ചത് ബെംഗളൂരു താരങ്ങളായിരുന്നു. പക്ഷേ ആറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ചെന്നൈന് നിർണായക ലീഡ് നൽകി. റാഫേൽ ക്രിവെല്ലാരോയാണ് ലഭിച്ച അവസരം ഭംഗിയായി വലയിലെത്തിച്ചത്. ആദ്യ പകുതിയിൽ ഇരുടീമുകളും ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ കീപ്പർമാരുടെ നിർണായക ഇടപെടൽ ഗോളെണ്ണം കുറച്ചുനിർത്തി.
ആദ്യ പകുതിയുടെ സമാന തുടക്കമായിരുന്നു രണ്ടാം പകുതിയിലും ഉണ്ടായത്. 49-ാം മിനിറ്റിൽ ചെന്നൈന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ഇത്തവണ ജോർദ്ദൻ മറൈയുടെ കിക്ക് കൃത്യമായി വലയിലെത്തി. ഇതോടെ 2-0ത്തിന് ചെന്നൈൻ മുന്നിലെത്തി. തിരിച്ചുവരവിന് ശക്തമായ ശ്രമങ്ങൾ അവസാന നിമിഷം വരെയും ബെംഗളൂരു നടത്തിയെങ്കിലും ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല.